ഒഡീഷയിൽ ഹോസ്പിറ്റലിൽ വൻ തീപിടിത്തം;10 രോഗികൾക്ക് ദാരുണാന്ത്യം
ഒഡീഷയിലെ എസ്‌സിബി മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 രോഗികൾക്ക് ദാരുണാന്ത്യം. 11 ജീവനക്കാർക്ക് പൊള്ളലേറ്റു. എസ്‌സിബി മെഡിക്കൽ കോളജിലെ ഐസിയുവിലാണ് തീപിടിച്ചത്. രോഗികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് പൊള്ളലേറ്റത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിച്ചിരുന്ന ഐസിയുവിൽ പുലർച്ചെ 2:30 നും 3 നും ഇടയിലാണ് തീപിടിത്തമുണ്ടായത്. 23 രോഗികളെ തീപിടിത്തമുണ്ടായ സമയത്ത് മറ്റ് വകുപ്പുകളിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന 7 രോഗികളെ മറ്റു വാർഡുകളിലേക്കും ഐസിയുവിലേക്കും മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.ഒന്നിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ ഒഡീഷ മുഖ്യമന്ത്രി ആശുപത്രിയിലെത്തുകയും ചികിത്സയിലുള്ളവരെ സന്ദർശിക്കുകയും ചെയ്തു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി 25 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

