എയിംസ് വിഷയത്തിൽ മറുപടി വൈകുന്നു; കേന്ദ്രത്തിനെതിരെ ഹൈക്കോടതി വിമർശനം
എറണാകുളം: സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട ഹൈക്കോടതിക്ക് മറുപടി നൽകാതെ കേന്ദ്ര സർക്കാർ. സാമ്പത്തിക വർഷാവസാനത്തെ തിരക്കാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ സമയം വേണമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
കേന്ദ്രത്തിന്റെ ഈ നിലപാടിനെ ഹൈക്കോടതി വിമർശിച്ചു. ഇതിനുമുമ്പും വിശദീകരണം ആവശ്യപ്പെട്ടിട്ടും വീണ്ടും സമയം ചോദിക്കുന്നതാണ് സംഭവിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഏപ്രിൽ 10നകം വിശദമായ മറുപടി നൽകണമെന്ന് ഹൈക്കോടതി കർശന നിർദേശം നൽകി.
കാസർഗോഡ് ജില്ലയെ എയിംസ് സ്ഥാപിക്കുന്നതിനുള്ള സാധ്യതാപട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. ഈ ഹർജിയിൽ കേരളം നൽകിയ ശുപാർശയുടെ നിലവിലെ സ്ഥിതി ഉൾപ്പെടെ വിശദീകരിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു.

