കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശി ശരണ്യ തിരികെ നാട്ടിലെത്തി
കോഴിക്കോട്: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനി ശരണ്യ സുരക്ഷിതമായി നാട്ടിലെത്തി. പുലർച്ചെ ഒരു മണിയോടെ നാദാപുരത്തെ വീട്ടിൽ എത്തുകയായിരുന്നു.
നാല് ദിവസം ഒരു കുപ്പി വെള്ളവും ഒരു പാക്കറ്റ് ബിസ്കറ്റും മാത്രമാണ് ആശ്രയിച്ചതെന്നും, താൻ ആരോഗ്യവതിയാണെന്നും ശരണ്യ പറഞ്ഞു. ഫോൺ ചാർജ് തീർന്നതിനെ തുടർന്ന് ആരെയും ബന്ധപ്പെടാൻ കഴിയാതെ പോയതായും വ്യക്തമാക്കി. സംഭവത്തിനുശേഷവും ട്രക്കിങ് തുടരാനുള്ള ആഗ്രഹം ഉണ്ടെന്നും ശരണ്യ കൂട്ടിച്ചേർത്തു.
ട്രക്കിങ്ങിനിടെ രണ്ടാം തീയതി ഉച്ചയോടെയാണ് ശരണ്യയെ കാണാതായത്. വഴി തെറ്റിയതായി അറിയിച്ച സന്ദേശം ലഭിച്ചതിനെ തുടർന്ന് ഹോംസ്റ്റേ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരച്ചിൽ ശക്തമാക്കി.
എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ശരണ്യയുടെ സുരക്ഷിത മടങ്ങിവരവ് ആശ്വാസമാവുകയാണ് കുടുംബത്തിനും നാട്ടുകാർക്കും.

