ഇറാനെ ഒരു രാത്രിക്കകം ഇല്ലാതാക്കാമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിങ്ടണ്‍: ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നല്കി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തന്നെ അത്തരമൊരു നീക്കം സംഭവിക്കാമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
യുഎസ് നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ഇറാനിലെ ഊര്‍ജ നിലയങ്ങളും പാലങ്ങളും ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. എഫ്-15 യുദ്ധവിമാനം തകര്‍ന്നതിനെ തുടര്‍ന്ന് ഇറാനില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്.
അതേസമയം, യുഎസ് മുന്നോട്ട് വെച്ച ഉപാധികള്‍ ഇറാന് തള്ളിയിരിക്കുകയാണ്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ വേണ്ടെന്ന നിലപാട് തുടരുന്ന ഇറാന്, സ്ഥിരപരിഹാരവും യുദ്ധത്തിന്റെ പൂര്‍ണാവസാനവുമാണ് ആവശ്യപ്പെടുന്നത്.
ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ അനുവദിച്ച 10 ദിവസത്തെ അന്ത്യശാസന കാലാവധി അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പും ഇറാന്റെ കടുത്ത നിലപാടും പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുന്നത്.

