Latest News

കേരളം വിധിയെഴുതി; 77.97% പോളിങ്, ചിലയിടങ്ങളിൽ സംഘർഷവും ആരോപണങ്ങളും

 കേരളം വിധിയെഴുതി; 77.97% പോളിങ്, ചിലയിടങ്ങളിൽ സംഘർഷവും ആരോപണങ്ങളും

തിരുവനന്തപുരം: നാല് ആഴ്ച നീണ്ട പ്രചാരണങ്ങളുടെയും കടുത്ത ആരോപണ-പ്രതിയാരോപണങ്ങളുടെയും പിന്നാലെ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതി. കനത്ത ചൂടിനെയും അവഗണിച്ച് വോട്ടർമാർ ബൂത്തിലേക്ക് ഒഴുകിയതോടെ സംസ്ഥാനത്ത് മികച്ച പോളിങ് രേഖപ്പെടുത്തി. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 77.97 ശതമാനമാണ് പോളിങ്. അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ ഇത് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. 2021ലെ തിരഞ്ഞെടുപ്പിനെക്കാൾ ഉയർന്ന പോളിങ്ങാണിത്.
വോട്ടെടുപ്പ് വൈകിട്ട് ആറുമണി വരെ നിശ്ചയിച്ചിരുന്നെങ്കിലും പല ബൂത്തുകളിലും അവസാന നിമിഷം വരെ നീണ്ട നിര തുടരുകയായിരുന്നു. ജില്ലകളിൽ എറണാകുളത്തും കോഴിക്കോടും 80 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ട ജില്ലയിലാണ് — 70.38 ശതമാനം.


വോട്ടർ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനത്തിൽ സ്വാഭാവികമായ വർധനയുണ്ടായതായാണ് വിലയിരുത്തൽ. ഇനി മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മുന്നണികൾ കാത്തിരിക്കുകയാണ്.
ഇതിനിടെ പല ഭാഗങ്ങളിലും കള്ളവോട്ട് ആരോപണങ്ങളും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തു. കോഴിക്കോട് നാദാപുരത്ത് മറ്റൊരാളുടെ തിരിച്ചറിയൽ കാർഡുമായി എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിടികൂടി. പാലക്കാട് ചിറ്റൂരിൽ ഒരു സ്ഥാനാർഥിയുടെ സാമൂഹ്യമാധ്യമ പേജിൽ മറ്റൊരു മുന്നണിക്ക് അനുകൂലമായി വന്ന പോസ്റ്റ് വിവാദമായി.


കാസർകോട് തൃക്കരിപ്പൂരിൽ വോട്ടെടുപ്പിനിടെ വനിതാ ബൂത്ത് ഏജന്റിന് നേരെ ആക്രമണമുണ്ടായതായും പരാതി ഉയർന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, അസമിലും പുതുച്ചേരിയിലും കേരളത്തേക്കാൾ ഉയർന്ന പോളിങ് രേഖപ്പെടുത്തി. വൈകിട്ട് അഞ്ചുവരെ ലഭ്യമായ കണക്കുകൾ പ്രകാരം അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും പോളിങ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes