പേരാവൂരിൽ വമ്പൻ ജയം നേടി സണ്ണി ജോസഫ്; കെ.കെ. ശൈലജയ്ക്ക് തിരിച്ചടി
കണ്ണൂർ: പേരാവൂർ മണ്ഡലത്തിൽ ഉജ്ജ്വല വിജയം നേടി സണ്ണി ജോസഫ്. കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംഎൽഎയുമായ സണ്ണി ജോസഫ്, മുൻ മന്ത്രി കെ.കെ. ശൈലജയെ 14,453 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെറും 3,172 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫ് വിജയിച്ചിരുന്നത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം 11,281 വോട്ടുകൾ കൂടി ഉയർത്തിയാണ് അദ്ദേഹം മണ്ഡലം നിലനിർത്തിയത്.
മട്ടന്നൂരിൽ നിന്ന് മാറിയാണ് കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കാൻ എത്തിയത്. കെപിസിസി അധ്യക്ഷനെ പരാജയപ്പെടുത്തി മണ്ഡലം പിടിക്കണമെങ്കിൽ ശൈലജ തന്നെ മത്സരിക്കണമെന്ന സിപിഐഎം വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥാനാർഥിത്വം.
ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരങ്ങളിലൊന്നായി പേരാവൂർ മാറി. ഇടത് ക്യാമ്പുകൾ പോലും അട്ടിമറി സാധ്യത ചർച്ച ചെയ്തിരുന്ന സാഹചര്യത്തിൽ, ഫലം വലിയ രാഷ്ട്രീയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ നേരിട്ട വലിയ തോൽവിക്ക് പിന്നാലെ പേരാവൂരിലെയും പരാജയം ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

