Latest News

ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം; ഇറാൻ പതാകയുള്ള എണ്ണക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

 ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം; ഇറാൻ പതാകയുള്ള എണ്ണക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പതാകയുള്ള രണ്ട് ടാങ്കറുകള്‍ യുഎസ് യുദ്ധവിമാനങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി റിപ്പോര്‍ട്ട്. ഇറാന്‍ തുറമുഖത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ചതിനാലാണ് ‘സീ സ്റ്റാര്‍ 3’, ‘സെവ്ദ’ എന്നീ കപ്പലുകള്‍ ലക്ഷ്യമാക്കിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ദൃശ്യങ്ങളില്‍ ‘സീ സ്റ്റാര്‍ 3’ എന്ന കപ്പലില്‍നിന്ന് പുക ഉയരുന്നതും ‘സെവ്ദ’യില്‍ തീ ആളിക്കത്തുന്നതും കാണാം. എന്നാല്‍ കപ്പലുകളുടെ ഫണലിനോ പുകക്കുഴലിനോ പുറമെ മറ്റ് ഭാഗങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

500 പൗണ്ട് ലേസര്‍ നിയന്ത്രിത ബോംബുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സൈനിക വിദഗ്ധര്‍ അമേരിക്കന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇറാനിയന്‍ സേനയുമായുണ്ടായ വെടിവയ്പ്പിന് പിന്നാലെയായിരുന്നു യുഎസിന്റെ നടപടി.

വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടെന്ന് അമേരിക്ക അവകാശപ്പെടുന്നതിനിടെയാണ് പുതിയ ആക്രമണം നടന്നത്. ഇതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ആഗോള ഊര്‍ജ സുരക്ഷയെയും ഇതു ബാധിക്കാമെന്നാണ് വിലയിരുത്തല്‍.

അതേസമയം യുഎഇയില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി വിവരമുണ്ട്.

അമേരിക്കന്‍ സൈന്യത്തിന് ഭീഷണി ഉയര്‍ത്തുന്നവരെ വെറുതേ വിടില്ലെന്നും അവരെ പൂര്‍ണമായി തകര്‍ക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes