കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷ; ജന്തർ മന്തറിൽ സമരത്തിന് നീക്കം
ഡൽഹി: സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പൊതു പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പാർട്ടിയുടെ സ്ഥാപകൻ അഭിജിത് ദീപ്കേ നാളെ ഡൽഹിയിലെത്തുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് ഡൽഹി പൊലീസ് ജാഗ്രത വർധിപ്പിച്ചത്.
അമേരിക്കയിൽ നിന്ന് ഡൽഹിയിലെത്തുന്ന അഭിജിത് ദീപ്കേ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കി. എന്നാൽ നേരത്തെ നൽകിയ ആഹ്വാനത്തിൽ മാറ്റം വരുത്തി, പിന്തുണക്കുന്നവർ വിമാനത്താവളത്തിലേക്ക് എത്തരുതെന്നും പകരം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയാൽ മതിയെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധത്തിന് അനുമതി തേടാനാണ് തീരുമാനം. പ്രതിഷേധത്തിന് അനുമതി ലഭിക്കാത്ത പക്ഷം അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും, തുടർനടപടികൾ ഭരണഘടനാപരമായി നേരിടുമെന്നും ദീപ്കേ വ്യക്തമാക്കി. “ജയ് ഭീം” എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹം തന്റെ പ്രതികരണം പങ്കുവെച്ചത്.
അതേസമയം, പ്രതിഷേധം പൂർണമായും സമാധാനപരമായിരിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി ആവർത്തിച്ചു. സിപിഐ ഉൾപ്പെടെ വിവിധ രാഷ്ട്രീയ സംഘടനകളും പ്രമുഖ വ്യക്തികളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടത് വിദ്യാർത്ഥി സംഘടനകളും സമരത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്.
സിജെപി ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു. സാമൂഹിക പ്രക്ഷോഭങ്ങളുടെ ചരിത്രത്തിൽ പുതിയ അധ്യായമാകാൻ സാധ്യതയുള്ള നീക്കമാണിതെന്ന് ചില രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
ഇതിനിടെ, പ്രതിഷേധത്തിനെതിരെ സേവ് ഇന്ത്യ ഫൗണ്ടേഷൻ എന്ന സംഘടന സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. ആൾക്കൂട്ട നിയന്ത്രണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന ആവശ്യവുമായാണ് ഹർജി സമർപ്പിച്ചിരുന്നത്.
പ്രതിഷേധത്തിന് മുൻകൂർ അനുമതി ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് ഡൽഹി പൊലീസ്. അതിനാൽ പ്രതിഷേധം നടത്താനുള്ള ശ്രമത്തിനിടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചർച്ച.
സമൂഹമാധ്യമങ്ങളിൽ സിജെപിക്ക് ലഭിച്ച വലിയ യുവജന പിന്തുണ പ്രതിഷേധ വേദിയിലും പ്രതിഫലിക്കുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ പാർട്ടികളും നിരീക്ഷകരും. നാളത്തെ പ്രതിഷേധം ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

