Latest News

എംഎസ്‌സി എൽസ 3 കപ്പൽ അപകടം: ബാലസ്റ്റ് വാട്ടർ തകരാറും സുരക്ഷാ വീഴ്ചകളും കാരണമെന്ന് അന്വേഷണ റിപ്പോർട്ട്

 എംഎസ്‌സി എൽസ 3 കപ്പൽ അപകടം: ബാലസ്റ്റ് വാട്ടർ തകരാറും സുരക്ഷാ വീഴ്ചകളും കാരണമെന്ന് അന്വേഷണ റിപ്പോർട്ട്

കൊച്ചി: എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിന് പിന്നിൽ സാങ്കേതിക തകരാറുകളും ഗുരുതരമായ സുരക്ഷാ വീഴ്ചകളുമാണെന്ന് ഡിജി ഷിപ്പിംഗ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട്. കപ്പലിന്റെ ബാലസ്റ്റ് വാട്ടർ സംവിധാനത്തിലെ തകരാറാണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്നായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്‌നറുകൾ കയറ്റുന്നതിനിടെയാണ് കപ്പലിൽ വെള്ളം കയറാൻ തുടങ്ങിയത്. ഈ ഘട്ടത്തിൽ തന്നെ കപ്പലിന് അഞ്ച് ഡിഗ്രി വരെ ചെരിവുണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച് വിഴിഞ്ഞം പോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നാലാം നമ്പർ കാർഗോ ഹോൾഡിലേക്ക് വെള്ളം കയറിയതോടെ കപ്പലിന്റെ സ്ഥിരതയെ ഗുരുതരമായി ബാധിച്ചു. ശക്തമായ ചരിവ് കാരണം നിരവധി കണ്ടെയ്‌നർ സ്റ്റാക്കുകൾ സ്ഥാനഭ്രംശം സംഭവിക്കുകയും ഇതോടെ കപ്പലിന്റെ സുരക്ഷ കൂടുതൽ അപകടത്തിലാകുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. റിപ്പോർട്ട് പ്രകാരം കപ്പലിന്റെ സുരക്ഷാ മാനേജ്മെന്റ് സംവിധാനം പൂർണമായും ഫലപ്രദമായിരുന്നില്ല. മുൻ യാത്രകളിലും കപ്പലിന് സ്റ്റാർബോഡ് ഭാഗത്തേക്ക് ചെരിവ് അനുഭവപ്പെട്ടിരുന്നുവെന്നും എന്നാൽ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കടൽക്ഷമതയെ ബാധിക്കുന്ന നിരവധി ഘടനാപരമായ തകരാറുകളും കപ്പലിനുണ്ടായിരുന്നു. 2016-ൽ ഉണ്ടായ കൂട്ടിയിടിയെ തുടർന്ന് കപ്പലിന് കേടുപാടുകൾ സംഭവിച്ചിരുന്നുവെങ്കിലും അവ പൂർണമായി പരിഹരിക്കാൻ കപ്പൽ കമ്പനി തയ്യാറായില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
കപ്പലിന്റെ കാലപ്പഴക്കം, സാങ്കേതിക തകരാറുകൾ, സുരക്ഷാ മാനേജ്മെന്റിലെ വീഴ്ചകൾ, ഘടനാപരമായ പ്രശ്നങ്ങൾ എന്നിവയുടെ സംയുക്തഫലമായാണ് എംഎസ്‌സി എൽസ 3 അപകടമുണ്ടായതെന്നാണ് ഡിജി ഷിപ്പിംഗിന്റെ അന്വേഷണ റിപ്പോർട്ടിലെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes