Latest News

രജനീകാന്തിന്റെ മരുമകൻ വിശാഖൻ അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക്

 രജനീകാന്തിന്റെ മരുമകൻ വിശാഖൻ അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക്

ചെന്നൈ: തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ മരുമകനും നടനും വ്യവസായിയുമായ വിശാഖൻ കെ. വണങ്ങാമുടി, കെ. അണ്ണാമലൈ രൂപീകരിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ ‘വി ദ ലീഡേഴ്സ്’ ൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്. രജനീകാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്തിന്റെ ഭർത്താവാണ് വിശാഖൻ.

അണ്ണാമലൈക്ക് രജനീകാന്തിന്റെ പിന്തുണയുണ്ടെന്ന സൂചനകൾ ശക്തമാകുന്നതിനിടെയാണ് ഈ രാഷ്ട്രീയ നീക്കം ശ്രദ്ധ നേടുന്നത്. അണ്ണാമലൈയുടെ ജനകീയ കൂട്ടായ്മയുടെ ഭാഗമായാണ് വിശാഖൻ പ്രവർത്തിക്കുക എന്നാണു വിവരം.

ജൂൺ 5-നാണ് കെ. അണ്ണാമലൈ ബിജെപിയിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചത്. തുടർന്ന് ‘വി ദ ലീഡേഴ്സ്’ എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിക്കുകയും ചെയ്തു.

പ്രഖ്യാപനത്തിന് പിന്നാലെ വെറും 24 മണിക്കൂറിനുള്ളിൽ 13.85 ലക്ഷംത്തിലധികം ആളുകൾ പ്രസ്ഥാനത്തിന്റെ സജീവ അംഗങ്ങളായി രജിസ്റ്റർ ചെയ്തതായി അണ്ണാമലൈ അവകാശപ്പെട്ടു. തന്റെ പൊതുജീവിതത്തിലെയും രാഷ്ട്രീയ യാത്രയിലെയും പുതിയ അധ്യായമാണിതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

2020-ൽ ഐപിഎസ് രജിവെച്ചാണ് അണ്ണാമലൈ ബിജെപിയിൽ ചേർന്നത്. പാർട്ടിയിൽ ചേർന്നതിനു പിന്നാലെ സംസ്ഥാന വൈസ് പ്രസിഡന്റായും പിന്നീട് 37-ാം വയസ്സിൽ തമിഴ്നാട് ബിജെപി അധ്യക്ഷനായും ഉയർന്ന അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരുന്നു.

‘വി ദ ലീഡേഴ്സ്’ എന്ന പ്രസ്ഥാനത്തിലൂടെ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ അടിത്തട്ടിൽ നിന്ന് മാറ്റം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് അണ്ണാമലൈ വ്യക്തമാക്കിയിട്ടുണ്ട്. യുവാക്കളെയും സാധാരണക്കാരെയും പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രസ്ഥാനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അംഗത്വ രജിസ്ട്രേഷൻ പുരോഗമിക്കുന്നത്. വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രസ്ഥാനം മത്സരിക്കുമെന്നും ഭാവിയിലെ പുതിയ രാഷ്ട്രീയ നേതൃത്വത്തെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും അണ്ണാമലൈ നേരത്തെ വ്യക്തമാക്കിയിരുന്നു.

രജനീകാന്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട വ്യക്തിയുടെ ഈ രാഷ്ട്രീയ പ്രവേശനം തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes