മാസപ്പടി കേസ്: വീണ വിജയന് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം
തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന വീണയുടെ അഭ്യർഥനയ്ക്ക് പിന്നാലെയാണ് പുതിയ സമൻസ് നൽകിയത്.
പുതിയ നോട്ടീസ് പ്രകാരം ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന ചോദ്യം ചെയ്യലിന് ആരോഗ്യകാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് വീണ ഇഡിയെ ഇമെയിൽ മുഖേന അറിയിച്ചിരുന്നു.
അതേസമയം, ഇഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് തന്നെ ഹാജരാക്കാമെന്നും വീണ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ നിർദേശത്തോട് ഇഡി ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല.
സി.എം.ആർ.എൽ കമ്പനിയുമായും എക്സാലോജിക് സൊല്യൂഷൻസുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി വീണയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കമ്പനികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ, സേവന കരാറുകൾ, പണമിടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്. കർത്ത ഉൾപ്പെടെയുള്ളവരെ തിങ്കളാഴ്ച ഇഡി ചോദ്യം ചെയ്യും. കേസിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് തുടർ നടപടികൾ.
മാസപ്പടി കേസിലെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് വീണ വിജയന് വീണ്ടും സമൻസ് നൽകിയിരിക്കുന്നത്.

