വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം ലംഘനം; തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം, അഞ്ച് മരണം
ബെയ്റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ യു.എസിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നിലവിൽ വന്ന പുതിയ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം വീണ്ടും സംഘർഷം. തെക്കൻ ലെബനനിലെ വിവിധ മേഖലകളിൽ ഇസ്രായേൽ നടത്തിയ വ്യോമ-ഡ്രോൺ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. എന്നാൽ മണിക്കൂറുകൾക്കകം തന്നെ നബാതിയ മേഖലയിലും അറബ്സലിം നഗരത്തിലും ഇസ്രായേൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. നിരവധി ജനവാസ കേന്ദ്രങ്ങൾക്കും വീടുകൾക്കും നേരെ ബോംബാക്രമണം നടന്നതായും മേഖലയിൽ ശക്തമായ ഷെല്ലാക്രമണം തുടരുന്നതായും ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ 47-ലധികം ലെബനൻ പൗരന്മാർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് അമേരിക്കയുടെയും ഖത്തറിന്റെയും ഇടപെടലിനെ തുടർന്ന് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
അതേസമയം, പുതിയ ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രായേൽ സൈന്യമോ ഹിസ്ബുള്ളയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ തന്നെ ഉണ്ടായ ഈ ആക്രമണം മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
അമേരിക്കയും ഇറാനും തമ്മിൽ പുരോഗമിക്കുന്ന പശ്ചിമേഷ്യൻ സമാധാന ചർച്ചകൾക്കും ഈ പുതിയ സംഭവവികാസങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുമോയെന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ മേഖലയിലെ സമാധാനം ഇപ്പോഴും അനിശ്ചിതത്വത്തിന്റെ നിഴലിലാണെന്നാണ് വിലയിരുത്തൽ.

