‘പാവയാകാൻ താനില്ല’; അമ്മയിൽ നിന്നുള്ള രാജിക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ശ്വേത മേനോൻ
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിന്നുള്ള രാജിക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയിലെ ചിലരുടെ പ്രവർത്തനങ്ങളോടുള്ള പ്രതിഷേധമാണ് രാജിക്ക് കാരണമായതെന്ന് വ്യക്തമാക്കിയ ശ്വേത, തനിക്ക് ഒരു “പാവ”യായി പ്രവർത്തിക്കാൻ കഴിയില്ലെന്നും ആവർത്തിച്ചു.
കഴിഞ്ഞ വർഷം നടന്ന ‘അമ്മ’ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടന്നുവെന്നും വ്യക്തിഹത്യക്ക് ശ്രമിച്ചുവെന്നും ശ്വേത ആരോപിച്ചു. മുൻ ഭരണസമിതിയിലെ ചിലരുടെ തെറ്റായ നടപടികൾ അന്വേഷിക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും ചില സ്വാർത്ഥ താത്പര്യക്കാർ ഇടപെട്ടതാണ് അതിന് കാരണമെന്നും അവർ പറഞ്ഞു.
‘അമ്മ’യുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ശ്വേത ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. സംഘടനയുടെ വരവ്-ചെലവ് കണക്കുകളിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നും കഴിഞ്ഞ രണ്ട് ഭരണസമിതികളുടെയും സാമ്പത്തിക കണക്കുകൾ വിശദമായി പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സ്വതന്ത്രവും ശാസ്ത്രീയവുമായ ഓഡിറ്റ് നടത്തണമെന്നും ശ്വേത ആവശ്യപ്പെട്ടു.
രാജിക്ക് ശേഷവും മുൻകാല സാമ്പത്തിക കണക്കുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, തന്റെ നിലപാടുകൾക്ക് രാഷ്ട്രീയ ബന്ധമില്ലെന്നും ശ്വേത വ്യക്തമാക്കി.
“ഞാൻ ബിജെപിക്കാരിയുമല്ല, കമ്മ്യൂണിസ്റ്റുമല്ല. ബിജെപി സർക്കാരിന്റെയോ മുൻ എൽഡിഎഫ് സർക്കാരിന്റെയോ പരിപാടികളിൽ ഞാൻ പങ്കെടുത്തിട്ടില്ല,” എന്ന് ശ്വേത പറഞ്ഞു.
ഇതിനിടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരാനുണ്ടെന്ന സൂചനയും അവർ നൽകി. “പിക്ചർ അഭി ബാക്കി ഹേ… ബാക്കി കാര്യങ്ങൾ 26-ന് മാധ്യമങ്ങളെ കാണുമ്പോൾ പറയാം,” എന്നായിരുന്നു ശ്വേത മേനോന്റെ പ്രതികരണം.
ശ്വേതയുടെ ആരോപണങ്ങൾ സിനിമാ മേഖലയിലും ‘അമ്മ’ സംഘടനയ്ക്കുള്ളിലും പുതിയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

