Latest News

സിബിഎസ്ഇ പുനർമൂല്യനിർണയത്തിലും വിവാദം; അപേക്ഷിക്കാത്ത വിഷയങ്ങളിൽ മാർക്ക് കുറച്ചെന്ന് പരാതി

 സിബിഎസ്ഇ പുനർമൂല്യനിർണയത്തിലും വിവാദം; അപേക്ഷിക്കാത്ത വിഷയങ്ങളിൽ മാർക്ക് കുറച്ചെന്ന് പരാതി

ഡൽഹി: സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലപ്രഖ്യാപനത്തിന് പിന്നാലെ പുതിയ പരാതികൾ ഉയരുന്നു. പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാത്ത വിഷയങ്ങളിൽ പോലും മാർക്ക് മാറ്റം വരുത്തിയെന്നും ചില കേസുകളിൽ മാർക്ക് കുറച്ചുവെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം.

പുനർമൂല്യനിർണയത്തിനായി അപേക്ഷിച്ച ചില വിഷയങ്ങൾ പരിശോധിക്കാതെയാണ് ഫലം പ്രസിദ്ധീകരിച്ചതെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ വീനിത് ജിൻഡാൽ അറിയിച്ചു.

സിബിഎസ്ഇയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നീക്കം. അപേക്ഷ നൽകാത്ത വിഷയങ്ങളിൽ മാർക്ക് വ്യത്യാസം വന്നതും, ചില പേപ്പറുകളുടെ പുനർമൂല്യനിർണയം നടന്നിട്ടില്ലെന്ന ആരോപണവും വിശദമായി പരിശോധിക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസമാണ് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയവരിൽ ഏകദേശം 87 ശതമാനം പേരുടെ ഫലം പ്രസിദ്ധീകരിച്ചതായി സിബിഎസ്ഇ അറിയിച്ചത്. ശേഷിക്കുന്ന 13 ശതമാനം അപേക്ഷകളുടെ ഫലം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു.

ഇതിനിടെയാണ് പുനർമൂല്യനിർണയ നടപടികളിൽ സുതാര്യത ഇല്ലെന്ന ആരോപണം ശക്തമായിരിക്കുന്നത്. വിദ്യാർത്ഥികളുടെ പരാതികൾ വ്യാപകമായ സാഹചര്യത്തിൽ സിബിഎസ്ഇയുടെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes