Latest News

നയാര എനർജി പെട്രോൾ, ഡീസൽ വില കുറച്ചു; ലിറ്ററിന് 5 രൂപ വരെ ഇളവ്

 നയാര എനർജി പെട്രോൾ, ഡീസൽ വില കുറച്ചു; ലിറ്ററിന് 5 രൂപ വരെ ഇളവ്

ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില കുറച്ചു. കമ്പനിയുടെ കീഴിലുള്ള പെട്രോൾ പമ്പുകളിൽ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കുറച്ചത്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവന്നതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഇടിഞ്ഞ സാഹചര്യത്തിലാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. രണ്ട് വർഷത്തിനിടെ രാജ്യത്ത് ഒരു എണ്ണക്കമ്പനി റീട്ടെയിൽ ഇന്ധനവില കുറയ്ക്കുന്നത് ഇതാദ്യമായാണ്.

രാജ്യത്താകെയുള്ള നയാര എനർജിയുടെ ഏഴായിരത്തിലധികം പെട്രോൾ പമ്പുകളിൽ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. എന്നാൽ സംസ്ഥാനങ്ങൾക്കനുസരിച്ച് പ്രാദേശിക നികുതിയിലും മൂല്യവർധിത നികുതിയിലും വ്യത്യാസമുള്ളതിനാൽ വിവിധ പമ്പുകളിലെ വിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കും.

അതേസമയം പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവിലയിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. രാജ്യത്തെ ഒരു ലക്ഷത്തിലധികം പെട്രോൾ പമ്പുകളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ നിലവിലെ നിരക്കുകൾ തുടരുകയാണ്.

നേരത്തെ ഇറാൻ-അമേരിക്ക സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നപ്പോൾ ഇന്ധനവില വർധിപ്പിച്ച കമ്പനികളിൽ ഒന്നായിരുന്നു നയാര എനർജി. മാർച്ച് 26-ന് കമ്പനി പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും വർധിപ്പിച്ചിരുന്നു. തുടർന്ന് പൊതുമേഖലാ കമ്പനികളും പലഘട്ടങ്ങളിലായി ഇന്ധനവില കൂട്ടി.

ഇറാൻ-അമേരിക്ക വെടിനിർത്തലിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നതും എണ്ണ, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ വിതരണം സാധാരണ നിലയിലായതുമാണ് വിലക്കുറവിന് വഴിയൊരുക്കിയത്.

നയാര എനർജിയുടെ തീരുമാനം വിപണിയിൽ ശ്രദ്ധ നേടിയിരിക്കുമ്പോൾ, പൊതുമേഖലാ എണ്ണക്കമ്പനികളും ഇന്ധനവില കുറയ്ക്കുമോയെന്നതാണ് വാഹന ഉടമകൾ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes