പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്നും ഒഴിവാക്കും; ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരൻ പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, താൽക്കാലിക ജീവനക്കാരനാണ്. ഇനി സ്ഥിരപ്പെടുത്തില്ല. പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല. ഇങ്ങനെയൊരാൾ വകുപ്പിൽ ജോലിയിൽ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പുറത്താക്കുന്നതിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി കണ്ണൂരിലെത്തി വീണ്ടും അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് ഡിഎംഇയോടും പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിലിനോടും റിപ്പോർട്ട് തേടിയിരുന്നു. ഡിഎംഇ നൽകിയ റിപ്പോർട്ട് തൃപ്തികരമല്ല. ചില വിവരങ്ങൾ മാത്രമാണ് അറിയിച്ചത്. വിശദമായ അന്വേഷണത്തിന് പരിമിതിയുണ്ടെന്നാണ് ഡിഎംഇ അറിയിച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിന് കാരണം റിപ്പോർട്ടിലെ അവ്യക്തയാണ്. കൈക്കൂലി കൊടുത്തുവെന്ന് പരസ്യമായി പറഞ്ഞിട്ടും അന്വേഷണത്തിലും നടപടിയിലും കാലതാമസമുണ്ടാകുന്നു. അതുകൊണ്ടാണ് അന്വേഷണത്തിന് അഡി. ചീഫ് സെക്രട്ടറിയെ തന്നെ ചുമതലപ്പെടുത്തിയത്. ആരോഗ്യ പ്രിൻസിപ്പിൽ സെക്രട്ടറി അന്വേഷണത്തിന് നേരിട്ട് പരിയാരത്ത് എത്തും.
പെട്രോൾ പമ്പിന്റെ അപേക്ഷകൻ പ്രശാന്തൻ ആണോ എന്ന് അറിയില്ല. സംഭവത്തിന് ശേഷം അയാൾ ജോലിക്ക് വരുന്നില്ല. നവീൻ ബാബുവിനെ ഞാൻ വിദ്യാർത്ഥി കാലം മുതൽ അറിയാവുന്ന അയാളാണ്. കളവ് ചെയ്യില്ലെന്ന് ഉറപ്പാണ്. നവീന്റെ കുടുംബത്തോട് നീതി പുലർത്തും. പ്രശാന്തൻ സർക്കാരിന്റെ ശമ്പളം വാങ്ങിക്കില്ല. അതിൽ ഒരു ആശയക്കുഴപ്പവും ഇല്ല. നവീൻ ബാബുവിന്റെ കാര്യത്തിൽ രണ്ട് അഭിപ്രായം ഇല്ല. പാർട്ടി സെക്രട്ടറി എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.