Latest News

നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ; സ്ത്രീപീഡന പരാതികള്‍ വിദേശത്തും വൈകാറുണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍

 നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ; സ്ത്രീപീഡന പരാതികള്‍ വിദേശത്തും വൈകാറുണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍

ന്യൂ ഡല്‍ഹി: സ്ത്രീപീഡന സംഭവങ്ങളില്‍ പരാതി നല്‍കാൻ വൈകുന്നതിന് അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികപീഡനക്കേസ് രജിസ്റ്റർചെയ്തത് 21 വർഷത്തിനുശേഷമാണെന്നും സംസ്ഥാന സർക്കാർ പറഞ്ഞു. ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് നല്‍കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലില്‍ 2016 ജനുവരി 28-ന് സിദ്ദിഖ് ബലാത്സംഗംചെയ്തു എന്നാണ് പരാതിക്കാരിയുടെ ആരോപണം. സിദ്ദിഖിന് അറസ്റ്റില്‍ നിന്ന് ഇടക്കാലസംരക്ഷണം നല്‍കിയ സുപ്രീംകോടതി, ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് സംസ്ഥാനസർക്കാർ സമർപ്പിച്ചത്.

എഴുത്തുകാരിയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലെ സംഭവം നടന്നത് 1996-ലാണെങ്കില്‍ പരാതിനല്‍കിയത് 2017-ലാണ്. അമേരിക്കൻ സിനിമാനിർമാതാവായ ഹാർവി വെയിൻസ്റ്റെയിനെതിരേ 30 വർഷത്തോളം പഴക്കമുള്ള സംഭവങ്ങളിലാണ് ഒട്ടേറെ സ്ത്രീകള്‍ 2018-ല്‍ പീഡനപരാതി നല്‍കിയത്. ഇത്തരം ഉദാഹരണങ്ങള്‍ കേരളത്തിന്റെ റിപ്പോർട്ടിലുണ്ട്. കുടുംബത്തിന്റെ സൽപേര് കളങ്കപ്പെടുമെന്നതുള്‍പ്പെടെ വിവിധകാരണങ്ങള്‍ കൊണ്ടാണ് ഇന്ത്യൻ സമൂഹത്തില്‍ സ്ത്രീപീഡനക്കേസുകള്‍ റിപ്പോർട്ടുചെയ്യാൻ വൈകുന്നത്. പരാതി നല്‍കാൻ വൈകി എന്നതുകൊണ്ടുമാത്രം കേസ് തള്ളിക്കളയരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes