കൊല്ലം അഷ്ടമുടി കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് അഷ്ടമുടി കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മരിച്ചത് തങ്കശേരി സ്വദേശിയായ 20കാരൻ സിനാൻ ആണെന്ന് പൊലിസ് സ്ഥിരീകരിച്ചു. ഓലയിൽ പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഓലയിൽ പാലത്തിന് സമീപം ഒരു ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടത് പ്രദേശവാസികൾക്ക് സംശയം വളരാൻ ഇടയാക്കി. ബൈക്കിൽ താക്കോൽ ഉൾപ്പടെ ഉണ്ടായിരുന്നതിനാൽ സംഭവത്തിൽ ദുരൂഹത തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.
തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും തുടക്കത്തിൽ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് തങ്കശേരി സ്വദേശി സിനാന്റേതാണെന്ന് തിരിച്ചറിയുകയും കുടുംബത്തെ അറിയിക്കുകയും ചെയ്തത്. തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ഓലയിൽ പാലത്തിന് സമീപത്തു നിന്ന് സിനാന്റെ മൃതദേഹം കണ്ടെത്തിയത്