Latest News

‘താൻ ഭർത്താവിന്റെ കീഴിൽ ജീവിക്കാൻ ആ​ഗ്രഹിക്കുന്ന സ്ത്രീ’; വീണ്ടും ആവർത്തിച്ച് സ്വാസിക

 ‘താൻ ഭർത്താവിന്റെ കീഴിൽ ജീവിക്കാൻ ആ​ഗ്രഹിക്കുന്ന സ്ത്രീ’; വീണ്ടും ആവർത്തിച്ച് സ്വാസിക

ഭർത്താവിന്റെ കാൽതൊട്ട് തൊഴാറുണ്ടെന്നും ഭർത്താവ് കഴിച്ച പാത്രത്തിലാണ് ഭക്ഷണം കഴിക്കാറ് എന്നുമുള്ള പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ ഏറെ വിവാദങ്ങളിൽപ്പെട്ടിരുന്നു നടി സ്വാസിക. ഇപ്പോഴിതാ വിവാഹജീവിതത്തിൽ തനിക്ക് തുല്യത വേണ്ടെന്നും ഭർത്താവിന് കീഴിൽ ജീവിക്കുന്നതാണ് താൽപര്യമെന്നും തുറന്നു പറയുകയാണ് സ്വാസിക. ഇത് താൻ ഇന്നെടുത്ത തീരുമാനമല്ലെന്നും കൗമാര പ്രായത്തിൽ തന്നെ ഇങ്ങനെ ജീവിക്കാൻ തീരുമാനമെടുത്തതാണെന്നും സ്വാസിക പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് ചോദിച്ചാൽ അറിയില്ലെന്നും വീട്ടിൽ ആരും ഇങ്ങനെയല്ലെന്നും താരം പറഞ്ഞു. താൻ പറയുന്നതുകേട്ട് ആരും സ്വാധീനിക്കപ്പെടരുതെന്നും സ്​ത്രീകൾ തുല്യതയിൽ വിശ്വസിക്കണമെന്നും ഒരു അഭിമുഖത്തിൽ സ്വാസിക പറഞ്ഞു.

രാവിലെ എഴുന്നേറ്റ് ഭർത്താവിന്റെ കാൽ തൊട്ട് തൊഴുന്ന താൻ അദ്ദേഹത്തിന്റെ കീഴിൽ ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണെന്ന് നടി മുമ്പ് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. സ്വാസികയുടെ വാക്കുകൾ ട്രോൾ ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അതിൽ ഓവറായ ചർച്ചകളിലേക്കൊന്നും തനിക്ക് പോകണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്വാസിക ഇപ്പോൾ.

‘‘എന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്റെ സ്വകാര്യ ജീവിതം ഇങ്ങനെ ജീവിക്കാനാണ് തീരുമാനിച്ചത്. ഭർത്താവിന്റെ താഴെ ജീവിക്കാനാണ് ഞാൻ തീരുമാനിച്ചത്. ഇപ്പോൾ തീരുമാനിച്ചതല്ല. ടീനേജ് പ്രായത്തിലേ തീരുമാനിച്ചതാണ്. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. എന്റെ അച്ഛനും അമ്മയും അങ്ങനെയാണോ എന്ന് ചോദിച്ചാൽ അല്ല. അമ്മൂമ്മയും അങ്ങനെയല്ല. ഞാൻ എന്തുകൊണ്ടോ അങ്ങനെ തീരുമാനിച്ചു. അങ്ങനെ ജീവിക്കാനാണ് പോകുന്നതെന്നേ എനിക്കറിയൂ. അത് കൊണ്ടാണ് കാല് പിടിക്കുന്നതും പാത്രം കഴുകുന്നതുമൊക്കെ.

നിങ്ങൾക്ക് അത് തെറ്റായിരിക്കും. നിങ്ങൾ അങ്ങനെ ചെയ്യണം, ഇതാണ് ഉത്തമ സ്ത്രീയെന്ന് ഞാനൊരിക്കലും പറയില്ല. സ്ത്രീകൾ എപ്പോഴും സ്വതന്ത്രരായിരിക്കണം. അവർ തുല്യതയിൽ വിശ്വസിക്കണം. പക്ഷേ ഈ പറഞ്ഞ തുല്യത, കുടുംബ ജീവിതത്തിൽ എനിക്ക് വേണ്ട. എനിക്ക് ആ സ്വാതന്ത്ര്യം വേണ്ട. ഓരോരുത്തർക്കും അവരവരുടെ രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ മനസമാധാനം ഞാൻ കാണുന്നത് ഇങ്ങനെ ജീവിക്കുമ്പോഴാണ്.

അച്ഛനും അമ്മയും ഭർത്താവും പറയുന്നത് കേട്ട് തീരുമാനമെടുക്കാനും അവർ വേണ്ടെന്ന് പറഞ്ഞാൽ സമ്മതിക്കാനും ഒരു കാര്യം അവരോട് ചോദിച്ച് ചെയ്യാനും എനിക്കിഷ്ടമാണ്. അത് വലിയൊരു പ്രശ്നമായി എന്റെ ജീവിതത്തിൽ ഇതുവരെ വന്നിട്ടില്ല. ഇനി വരാനും പോകുന്നില്ല. ഞാൻ ഇതിൽ ഹാപ്പിയാണ്, സംതൃപ്​തയാണ്. പക്ഷേ മൂന്നാമതൊരാൾ ഇതിൽ സ്വാധീനിക്കപ്പെടേണ്ട കാര്യമില്ല.

ഇതാണ് ശരിയെന്ന് ഞാൻ പറയില്ല. പക്ഷെ എന്തൊക്കെ മാറ്റം സമൂഹത്തിൽ വന്നാലും ഞാൻ ഇങ്ങനെ തന്നെ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രായം കഴിയുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും ചിന്താ​ഗതി മാറുമെന്ന് പറയും. പക്ഷേ എനിക്ക് മാറ്റേണ്ട. ഓവറായ ചർച്ചകളിലേക്കൊന്നും എനിക്ക് പോകേണ്ട. എനിക്കാ പഴയ രീതിയിൽ ഇരുന്നാൽ മതി. ഇത് ഞാൻ ബോധപൂർവം എടുത്ത തീരുമാനമാണ്.

പക്ഷേ ഞാൻ അത് പറഞ്ഞപ്പോൾ തെറ്റായ സന്ദേശം ആളുകൾക്ക് കൊടുക്കുകയാണ്, സ്ത്രീകൾ മുന്നോട്ട് വരാൻ നിൽക്കുമ്പോൾ അവരെ പിറകോട്ട് തള്ളുന്നു എന്നൊക്കെയാണ് ആളുകൾ പറയുന്നത്. അതുകൊണ്ടാണ് ഞാൻ വ്യക്തത വരുത്തുന്നത്. നിങ്ങൾ ചെയ്യുന്നതാണ് ശരി. നിങ്ങൾ ജീവിക്കുന്ന ജീവിതമാണ് യഥാർഥത്തിൽ സ്​ത്രീകൾ ജീവിക്കേണ്ടത്. എന്നെ പോലെ ആരും ജീവിക്കരുത്.’’–സ്വാസികയുടെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes