പെൺകുട്ടികളെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ
കൊല്ലം: കൊല്ലത്ത് പെൺകുട്ടികളെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം കാരിക്കോട് സ്വദേശി നവാസ് ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.12 മണിക്ക് ട്യൂഷൻ കഴിഞ്ഞ് തിരിച്ചുവരുന്ന വഴിക്കായിരുന്നു സംഭവം.
മെയിൻ റോഡിലൂടെ വരികയായിരുന്ന ഓട്ടോയിലാണ് പെൺകുട്ടികൾ കയറിയത്. കുറച്ചുദൂരം സഞ്ചരിച്ചതിന് പിന്നാലെ ഓട്ടോ അമിത വേഗത്തിൽ മറ്റൊരു ഇടവഴിയിലേക്ക് കടക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വിദ്യാർത്ഥിനികൾ എതിർക്കാൻ ശ്രമിച്ചെങ്കിലും പ്രതി സ്പീഡ് കൂട്ടി. ഇതോടെ ഒരു വിദ്യാർത്ഥിനി ഓട്ടോയിൽ നിന്നും ചാടുകയായിരുന്നു. ഇതിന് ശേഷം ഏറെ ദൂരം കഴിഞ്ഞാണ് ഓട്ടോ നിർത്തി രണ്ടാമത്തെ പെൺകുട്ടിയെ ഇറക്കിവിട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.