Latest News

മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പ്രതി പിടിയിൽ

 മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പ്രതി പിടിയിൽ

വെല്ലൂർ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച്‌ രക്ഷിതാക്കളില്‍ നിന്ന് കോടികള്‍ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റില്‍. തമിഴ്നാട്ടിലെ പ്രമുഖ കോളേജില്‍ സ്റ്റാഫ് ക്വാട്ടയില്‍ എംബിബിഎസ് സീറ്റ് നല്‍കാമെന്നായിരുന്നു വൈദികനെന്ന് പരിചയപ്പെടുത്തിയ ജേക്കബ് തോമസ് കേരളത്തിലും സംസ്ഥാനത്തിന് പുറത്തുമുള്ള രക്ഷിതാക്കളെ വിശ്വസിപ്പിച്ചിരുന്നത്. ചെന്നൈ അന്തർദേശീയ വിമാനത്താവളത്തിലൂടെ മലേഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.

ഇയാള്‍ക്കെതിരെ തൃശൂർ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂർ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ നാഗ്പൂരിലും ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. ഇന്ത്യയില്‍ ബീഹാർ, ഹരിയാന, തമിഴ്നാട് എന്നീ പല സംസ്ഥാനങ്ങളിലും കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ജേക്കബ് തോമസ് പത്തനംതിട്ടയിലെ കൂടല്‍ സ്വദേശിയാണ്. വർഷങ്ങളായി നാട്ടില്‍ നിന്നും മാറി നില്‍ക്കുന്ന ഇയാള്‍ കന്യാകുമാരി തക്കലയില്‍ താമസിച്ചിരുന്ന സമയത്താണ് കേരളത്തിലെ രക്ഷിതാക്കളെ കബളിപ്പിച്ചത്.

സുവിശേഷ പ്രവർത്തകൻ എന്ന നിലയില്‍ പ്രവർത്തിക്കുന്ന ജേക്കബ് തോമസ് ആഡംബര കാറുകളിലാണ് സഞ്ചരിച്ചിരുന്നത്. വെല്ലൂരിലെ സിംഎസി മെഡിക്കല്‍ കോളേജുമായും ആഗ്ലിക്കൻ ബിഷപ്പുമായും അടുത്ത ബന്ധം ഉള്ള ആളെന്നും മറ്റും പറഞ്ഞാണ് ജേക്കബ് തോമസ് രക്ഷിതാക്കളെ വലയിലാക്കിയിരുന്നത്. തട്ടിപ്പിന് ഇരയായവരില്‍ പലരും 60 ഉം 80 ലക്ഷം രൂപ വീതം നഷ്ടപ്പെട്ടവരാണ്. ഈ കേസില്‍ ബിഷപ്പാണെന്ന് പരിചയപ്പെടുത്തിയിരുന്ന പാസ്റ്റർ പോള്‍ ഗ്ലാഡ്സനെയും, പാസ്റ്റർമാരായ വിജയകുമാർ, അനുസാമുവല്‍ എന്നിവരേയും ജേക്കബ് തോമസിന്റെ മകൻ റെയ്നാർഡിനേയും തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിന് ശേഷം പല സംസ്ഥാനങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ജേക്കബ് തോമസിനെ കുടുക്കാൻ ജില്ലാ പൊലീസ് മേധാവി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

തൃശൂർ വെസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ച ഈ കേസില്‍ ജേക്കബ് തോമസിന് തൃശൂർ സിജെഎം കോടതിയുടെ അറസ്റ്റ് വാറന്റ് പുറത്തിറക്കിയിരുന്നു. ഇന്ന് പുലർച്ചെ പൊലീസ് തൃശൂരില്‍ പ്രതിയെ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ ഇൻസ്പെക്ടർ ആയ ലാല്‍ കുമാർ ,സബ് ഇൻസ്പെക്ടർ സുജിത്ത്, സീനിയർ സിവില്‍ പൊലീസ് ഓഫീസർ ആയ ടോണി വർഗീസ്, മഹേഷ്, സിവില്‍ പൊലീസ് ഓഫീസർ റൂബിൻ ആൻറണി എന്നിവരുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes