Latest News

ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിലെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി എയ്ഡൻ മാർക്രം

 ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിലെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി എയ്ഡൻ മാർക്രം

ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിലെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം. ദക്ഷിണാഫ്രിക്കൻ ടീം നന്നായി പന്തെറിഞ്ഞു. ഇന്ത്യയ്ക്കെതിരെ മികച്ച പദ്ധതികളുണ്ടായിരുന്നു. അത് വിജയിപ്പിക്കുന്നതിൽ ബൗളർമാർ വലിയ പങ്കുവഹിച്ചു. മധ്യനിര ബാറ്റർമാർ മത്സരം വിജയിപ്പിക്കണമെന്നായിരുന്നു ബാറ്റിങ്ങിലെ പദ്ധതി. എന്നാൽ അത് വിജയിച്ചില്ല. എല്ലായ്പ്പോഴും ടീമിന്റെ പദ്ധതികൾ വിജയിക്കണമെന്നില്ല. ദക്ഷിണാഫ്രിക്ക അവരുടെ സ്വതസിദ്ധമായ ശൈലിയിലുള്ള ക്രിക്കറ്റ് തുടരും. മാർക്രം മത്സരശേഷം പ്രതികരിച്ചു. ആൻഡിലെ സിമലാനെ, എന്‍കബയോംസി പീറ്റര്‍ തുടങ്ങിയ യുവതാരങ്ങൾ മികച്ച രീതിയിൽ പന്തെറിഞ്ഞു. ദക്ഷിണാഫ്രിക്കൻ ടീമിലെ യുവതാരങ്ങൾ മുതിർന്ന താരങ്ങൾക്ക് കൂടി പ്രചോദനമാകുന്നു. ഈ മത്സരത്തിൽ പരമ്പര സമനിലയിലാക്കുകയായിരുന്നു ലക്ഷ്യം. ഓരോ മത്സരത്തിനും അനുസൃതമായി പദ്ധതികൾ തയ്യാറാക്കാനാണ് ദക്ഷിണാഫ്രിക്കൻ ടീം ഇഷ്ടപ്പെടുന്നത്. എയ്ഡൻ മാർക്രം വ്യക്തമാക്കി.

ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. മത്സരഫലം പലതവണ മാറിമറിഞ്ഞ മത്സരത്തിൽ ആറ് പന്ത് ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്കൻ വിജയം. സ്പിന്നർ വരുൺ ചക്രവർത്തിയുടെ തകർപ്പൻ ബൗളിങ്ങിൽ ഒരുഘട്ടത്തിൽ ഇന്ത്യ വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ പുറത്താകാതെ 41 പന്തിൽ 47 റൺസുമായി ട്രിസ്റ്റൻ സ്റ്റബ്സ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. സ്കോർ ഇന്ത്യ 124/6 (20), ദക്ഷിണാഫ്രിക്ക 128/7 (19).

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആദ്യ ഓവറിൽ തന്നെ സഞ്ജു സാംസണെ നഷ്ടപ്പെട്ട ഇന്ത്യ പിന്നീട് കടുത്ത തിരിച്ചടിയാണ് നേരിട്ടത്. തുടർച്ചയായ രണ്ട് സെഞ്ച്വറി നേട്ടങ്ങൾക്ക് പിന്നാലെയാണ് മലയാളി താരം പൂജ്യത്തിന് പുറത്തായത്. നേരിട്ട മൂന്നാം പന്തിൽ മാർകോ ജാൻസൻ സ‍ഞ്ജുവിനെ ക്ലീൻ ബൗൾഡാക്കി. അഭിഷേക് ശർമ നാല്, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നാല്, തിലക് വർമ 20, അക്സർ പട്ടേൽ 27, റിങ്കു സിങ് ഒമ്പത്, ഹാർദിക് പാണ്ഡ്യ പുറത്താകാതെ 39 എന്നിങ്ങനെയായിരുന്നു ഇന്ത്യൻ നിരയിലെ സ്കോറുകൾ.

മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. നാല് ഓവറിൽ 17 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ നേടിയ വരുൺ ചക്രവർത്തിയാണ് ഇന്ത്യൻ ബൗളിങ്ങിന് നേതൃത്വം നൽകിയത്. റീസ ഹെൻഡ്രിക്സ് 24, എയ്ഡൻ മാക്രം മൂന്ന്, മാർകോ ജാൻസൻ ഏഴ്, ഹെൻ‍റിച്ച് ക്ലാസൻ രണ്ട്, ഡേവിഡ് മില്ലർ പൂജ്യം എന്നിവരെ വരുൺ പുറത്താക്കി. ഏഴ് റൺസെടുത്ത ആൻഡിലെ സിമലാനെയെ പുറത്താക്കി രവി ബിഷ്ണോയും ദക്ഷിണാഫ്രിക്കയെ കൂടുതൽ സമ്മർദ്ദത്തിലാക്കി.

ഒരു ഘട്ടത്തിൽ ഏഴിന് 86 റൺസെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാൽ ട്രിസ്റ്റൻ സ്റ്റബ്സിന്റെയും ജെറാൾഡ് കോട്സീയുടെയും പ്രകടനമികവിൽ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി. 41 പന്തിൽ ഏഴ് ഫോറുകൾ ഉൾപ്പടെ 47 റൺസെടുത്ത സ്റ്റബ്സ് പുറത്താകാതെ നിന്നു. ഒമ്പത് പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 19 റൺസെടുത്ത ജെറാൾഡ് കോർട്സീ സ്റ്റബ്സിന് ശക്തമായ പിന്തുണ നൽകി. ഒടുവിൽ ഒരോവർ ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക മത്സരത്തിൽ വിജയം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes