Latest News

ആപ്പിളിൻ്റെ ഹൈപെർഫോമൻസ് ബഡ്ജറ്റ് ഐഫോൺ മാർച്ചിൽ

 ആപ്പിളിൻ്റെ ഹൈപെർഫോമൻസ് ബഡ്ജറ്റ് ഐഫോൺ മാർച്ചിൽ

ഐഫോൺ SE 4ൻ്റെ ലോഞ്ചിനായി ആപ്പിൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. മാർച്ചിൽ ഐഫോൺ SE 4ൻ്റെ ലോഞ്ച് ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഫോണിൻ്റെ ക്യാമറ മൊഡ്യൂളുകളുടെ വൻതോതിലുള്ള ഉത്പാദനം എൽജി ഇന്നോടെക് ഈ വർഷം ഡിസംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഐഫോൺ 16ൻ്റെ അടക്കം സൂം മൊഡ്യൂൾസും നിർമ്മിച്ചത് എൽജി ഇന്നോടെക് ആയിരുന്നു.

ഐഫോണുകളുടെ ലോഞ്ചിൻ്റെ ഏകദേശം മൂന്ന് മാസം മുമ്പ് എൽജി ഇന്നോടെക് സാധാരണയായി ഐഫോണുകളുടെ ക്യാമറ ഭാഗങ്ങൾ നിർമ്മിക്കാൻ തുടങ്ങുമെന്നാണ് സൂചന. സൂചന ശരിയാണെങ്കിൽ മാർച്ച് മാസത്തിൽ തന്നെ ആപ്പിൾ ഐഫോൺ SE 4 അരങ്ങേറ്റം കുറിക്കുമെന്ന് കരുതാം.

ഐഫോൺ SE 4നെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഇതിനകം പുറത്ത് വന്നിരിക്കുന്നത്. ഐഫോൺ SE 4 മുൻമോഡലുകൾക്ക് സമാനമായി സിംഗിൾ-ലെൻസ് സജ്ജീകരണം തന്നെ നിലനിർത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഐഫോൺ SE സീരീസുകളെ അപേക്ഷിച്ച് ഐഫോൺ SE 4ൻ്റെ പെർഫോമൻസ് ശേഷി മികച്ചതായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശക്തമായ A17 പ്രോ ചിപ്‌സെറ്റും 8GB റാമും ഉൾപ്പെടുത്തിയതായും അഭ്യൂഹങ്ങളുണ്ട്. ഇതാണ് നിലവിലെ ഐഫോൺ SE മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഐഫോൺ SE 4ന് വേഗതയിലും കാര്യക്ഷമതയിലും ഗണ്യമായ മുൻതൂക്കം നൽകുന്നതെന്നാണ് റിപ്പോർട്ട്. പ്രീമിയം പ്രൈസ് ടാഗ് ഇല്ലാതെ മികച്ച പെർഫോമൻസുള്ള സ്മാർട്ട് ഫോൺ തിരയുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്ന ആപ്പിളിൻ്റെ ബജറ്റ് ശ്രേണിയിലെ ഏറ്റവും പ്രധാന മോഡലാണ് ഐഫോൺ SE സീരീസുകൾ. ഇതിൽ തന്നെ ഐഫോൺ SE 4 ആപ്പിളിൻ്റെ ഏറ്റവും മികവുള്ള ഹൈപെർഫോമൻസ് മോഡലായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻമോഡലിൻ്റെ 4.7 ഇഞ്ച് സ്‌ക്രീനിൽ നിന്നും 6.1 ഇഞ്ച് ഡിസ്‌പ്ലേയിലേയ്ക്ക് ഐഫോൺ SE 4 മാറുമെന്ന റിപ്പോർട്ടും ഇതിനകം ടെക് ലോകത്തിൻ്റെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.

ഐഫോൺ SE 4 ഒരു പരമ്പരാഗത മാതൃകയിലായിരിക്കുമോ അല്ലെങ്കിൽ ആപ്പിളിൻ്റെ പുതിയ ഡൈനാമിക് ഐലൻഡ് ഡിസൈൻ സ്വീകരിക്കുമോ എന്നതിലും ആകംക്ഷ നിലനിൽക്കുകയാണ്. എന്തുതന്നെയായാലും ഐഫോൺ SE 4ന് കൂടുതൽ ആധുനികമായ സൗന്ദര്യാത്മകത ഉണ്ടായിരിക്കുമെന്നാണ് തുടക്കം മുതൽ പുറത്ത് വരുന്ന റിപ്പോർട്ട്. പുതിയതായി പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഐഫോൺ SE 4ൻ്റെ റീട്ടെയ്ൽ വില 499 ഡോളറിനും 549 ഡോളറിനും ഇടയിലായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഐഫോൺ SE 3യുടെ വിലയുമായി താരതമ്യപ്പെടുത്തിയാൽ ഐഫോൺ SE 4ൻ്റെ വില അൽപ്പം കൂടുതലാണ്. ഐഫോൺ SE 3യുടെ വില 429 ഡോളറാണ്. ഇന്ത്യയിൽ ഐഫോൺ SE 4ൻ്റെ വില 51,000 രൂപയ്ക്കും 56,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് അനുമാനം.

SE 3യിലെ 2,014mAH കപ്പാസിറ്റിയിൽ നിന്നും വ്യത്യസ്തമായി SE 4ൽ 3,279 ബാറ്ററി കപ്പാസിറ്റി ഉണ്ടായിരിക്കുമെന്നുള്ള വിവരങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു, 20W ചാർജ്ജ് സ്പീഡും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. 48 മെഗാപിക്സലുള്ള സിംഗിൾ ലെൻസ് പിൻക്യാമറയാണ് SE 4നുണ്ടാകുക. സ്മാർട്ട് എച്ച്ഡിആറും നെറ്റ്മോഡും ഉൾപ്പെടെ ഉൾപ്പെടെയുള്ള ഫോട്ടോഗ്രാഫി സോഫ്റ്റ്‌വെയറും ഐഫോൺ SE 4ൽ ഉണ്ടാകും. സോഷ്യൽമീഡിയയിലെ ഫോട്ടോ ഉപയോഗത്തിന് പറ്റുന്ന ക്യാമറയെന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. സെൽഫിയെടുക്കാൻ 12 മെഗാപിക്സൽ ഫ്രണ്ട് കാമറയും ഐഫോൺ SE 4ൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes