സമ്മേളനത്തിന് എത്തിയില്ല; ആയിഷ പോറ്റിയെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി

കൊല്ലം: പാർട്ടി പ്രവർത്തനങ്ങളില്‍ സജീവമല്ലെന്നുകാട്ടി മുൻ എം.എല്‍.എ.യും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന ഖജാൻജിയുമായ പി.അയിഷാപോറ്റിയെ സി.പി.എം. കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. ആരോഗ്യകാരണങ്ങള്‍ കാട്ടി ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന അയിഷാപോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. രണ്ടാം ദിവസമെങ്കിലും അയിഷാപോറ്റി സമ്മേളനത്തിന് എത്തുമെന്നു കരുതിയിരുന്നെങ്കിലും പങ്കെടുത്തില്ല.
തിരഞ്ഞെടുപ്പിനുശേഷം അയിഷാപോറ്റിയോടു പാർട്ടി അവഗണന കാട്ടുന്നതായി പരാതി ഉയർന്നിരുന്നു. മൂന്നുതവണ എം.എല്‍.എ.യായ അയിഷാപോറ്റിയെ സ്പീക്കർ, വനിതാ കമ്മിഷൻ അധ്യക്ഷ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നു. പദവികളിലേക്കു പരിഗണിക്കാതിരുന്നതു മാത്രമല്ല, മണ്ഡലത്തിലെ വികസനപദ്ധതി പ്രവർത്തനങ്ങളില്‍നിന്ന് ഒഴിവാക്കിയതും അകല്‍ച്ചയ്ക്കു കാരണമായി.
സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിക്കും മന്ത്രിക്കുമെതിരേ വിമർശനം ഉന്നയിച്ച ലോക്കല്‍ സെക്രട്ടറിയുടെ പേര് ഏരിയ കമ്മിറ്റിയിലേക്കു നിർദേശിച്ചെങ്കിലും നേതൃത്വം ഒഴിവാക്കി. കോണ്‍ഗ്രസ് നേതാവിനെ മർദിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 11 പേരെ കാണാനെത്തിയ ജില്ലാ സെക്രട്ടറി രണ്ടുപേരെ മാത്രം കണ്ടു മടങ്ങിയെന്നായിരുന്നു വിമർശനം.