ചോദ്യം ഇഷ്ടപ്പെട്ടില്ല; മാധ്യമ പ്രവർത്തകനെ റൂമിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തി സുരേഷ് ഗോപി
വഖഫ് വിവാദ പരാമർശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. 24 ന്യൂസിലെ റിപ്പോർട്ടർ അലക്‌സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയത്.
വഖഫ് കിരാത പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് സുരേഷ് ഗോപിയുടെ ഭീഷണി. മുറിയിലേക്ക് വിളിച്ചു വരുത്തിയ സുരേഷ് ഗോപി മാധ്യമപ്രവർത്തകനോട് ഉത്തരം നല്‍കാൻ സൗകര്യമില്ലെന്നും കാണിച്ച് തരാമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് വീഡിയോയില്‍ പകർത്താൻ സുരേഷ് ഗോപിയുടെ ഗണ്‍മാൻ ശ്രമിക്കുകയും ചെയ്തു.
ഒരു ബോർഡ് പ്രവർത്തിക്കുന്നുണ്ട്. അതിന്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. നാല് ആംഗലേയ ഭാഷയില്‍ ഒതുങ്ങുന്ന ഒരു കിരാതമുണ്ട് എന്നായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന.