ലൈംഗികാതിക്രമക്കേസില്‍ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ഹൈക്കോടതിയുടെ നടപടി. പരാതി നല്‍കിയതിന്റെ കാലതാമസം പരിഗണച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
പരാതിക്കടിസ്ഥാനമായ സംഭവങ്ങളുണ്ടായത് 2007 ലാണെന്നും പരാതി സമര്‍പ്പിച്ചത് പതിനേഴ് വര്‍ഷത്തിന് ശേഷമാണെന്നും ഹൈക്കോടതി വിലയിരുത്തി. അന്തസ്സും അഭിമാനവും സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കുമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. നേരത്തേ കേസില്‍ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബാലചന്ദ്രമേനോന്‍ അടക്കം എട്ടോളം പേര്‍ക്കെതിരെ പരാതിയുമായി ആലുവ സ്വദേശിനിയായ നടി രംഗത്തെത്തിയത്. 2007 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വച്ച് ബാലചന്ദ്രമേനോന്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ പരാതി നല്‍കിയത്.
ജയസൂര്യയെ നായകനാക്കി ഒരുക്കിയ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഹോട്ടലില്‍ വെച്ച് ബാലചന്ദ്രമേനോന്‍ ഗ്രൂപ്പ് സെക്സിന് നിര്‍ബന്ധിച്ചതായും നടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ചിത്രീകരിച്ച സിനിമാ രംഗങ്ങള്‍ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭയന്നാണ് പരാതി നല്‍കാന്‍ വൈകിയതെന്നും നടി പറഞ്ഞിരുന്നു. നടിക്കും നടിയുടെ അഭിഭാഷകനുമെതിരെ ബാലചന്ദ്രമേനോനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. നടിയുടെ അഭിഭാഷകന്‍ ഫോണില്‍ വിളിച്ച് തന്നെ ബ്ലാക്ക് മെയില്‍ ചെയ്തു എന്നായിരുന്നു ബാലചന്ദ്രമേനോന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.