Latest News

എസ്എഫ്ഐ ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രം, പ്രവർത്തകർ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളുമായി അധപതിച്ചിരിക്കുന്നു; അലോഷ്യസ് സേവ്യർ

 എസ്എഫ്ഐ ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രം, പ്രവർത്തകർ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളുമായി അധപതിച്ചിരിക്കുന്നു; അലോഷ്യസ് സേവ്യർ

തിരുവനന്തപുരം: കണ്ണൂർ ഗവൺമെന്റ് ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ അതിക്രൂരമായി മർദിച്ച എസ്എഫ്ഐ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. എസ്എഫ്ഐ ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രവും പ്രവർത്തകർ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളുമായിഅധപതിച്ചിരിക്കുന്നതായും അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.

വർഷങ്ങൾക്ക് ശേഷമാണ് കണ്ണൂർ തോട്ടട ഐടിഐയിൽ കെഎസ്‌യു യൂണിറ്റ് രൂപീകരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തത്. ഇതിനു പിന്നാലെ കെഎസ്‌യു സ്ഥാപിച്ച കൊടിമരം എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചതായി അലോഷ്യസ് സേവ്യർ ആരോപിച്ചു. തുടർന്ന് പ്രിൻസിപ്പലിനെ കാണാനും നടക്കാനിരിക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കാനും കൊടിമരം പുനഃസ്ഥാപിക്കാനുമായി ക്യാമ്പസിൽ എത്തിയ കെഎസ്‌യു സംസ്ഥാന ജില്ലാ യൂണിറ്റ് നേതാക്കളെ ഉൾപ്പെടെ അതിക്രൂരമായി മർദിക്കുന്ന സാഹചര്യമുണ്ടായി. കെഎസ്‌യു തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ യൂണിയൻ നഷ്ടമാകുമോ എന്ന ഭയമാണ് എസ്എഫ്ഐയെ ഈ ഗുണ്ടാ പ്രവർത്തനത്തിലേക്ക് നയിച്ചത്. ബോധരഹിതരാകുന്നത് വരെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റിനെ വളഞ്ഞിട്ട് മർദിക്കുന്ന സാഹചര്യമുണ്ടായെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

എസ്എഫ്ഐ ഉയർത്തുന്ന ഏക സംഘടനാ വാദം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. കെഎസ്‌യു പ്രവർത്തകരെ അതിക്രൂരമായി മർദിച്ച ശേഷം സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന മുദ്രാവാക്യം ഉയർത്തിയ എസ്എഫ്ഐ പ്രവർത്തകരുടെ സമീപനം പരിഹാസ്യമാണ്. വിഷയത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഇതിന്റെ ഭാഗമായി നാളെ (12-12-2024) ക്യാമ്പസ് തല പ്രതിഷേധം സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes