വ്യാജ വോട്ടിന് പിന്നിൽ കോൺഗ്രസ് നേതൃത്വമെന്ന് ഇ എൻ സുരേഷ് ബാബു
പാലക്കാട്: പാലക്കാട്ടെ വ്യാജ വോട്ടിന് പിന്നിൽ കോൺഗ്രസ് നേതൃത്വമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. വി ഡി സതീശനും ഷാഫി പറമ്പിലുമാണ് വ്യാജ വോട്ട് ചേർത്തതെന്നും അദ്ദേഹം ആരോപിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികൾ പാലക്കാട് തമ്പടിക്കുന്നത് ദുരൂഹമാണ്.
സ്ഥാനാർത്ഥിക്കൊപ്പം കുപ്രസിദ്ധ കേസിലെ പ്രതികൾ താമസിക്കുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാനാകാം പ്രതികൾ പാലക്കാട് ക്യാമ്പ് ചെയ്യുന്നതെന്നും ഇ എൻ സുരേഷ് ബാബു കുറ്റപ്പെടുത്തി. സാധാരണ പ്രതികളെ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറ്റി നിർത്തും. വോട്ടർമാർ ജാഗ്രത പുലർത്തണം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. പ്രതിപക്ഷ നേതാവ് പരസ്യമായി നുണ പറയുകയാണ്. തങ്ങളുടെ ആരോപണങ്ങൾക്ക് ആധികാരികമായി മറുപടിയാണ് പറയേണ്ടതെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.
വ്യാജ വോട്ട് ചേർക്കാൻ ബിഎൽഒമാരുടെ സഹായം ഉണ്ടായിട്ടുണ്ട്. അവർക്കെതിരെ കേസെടുക്കണം. വിഷയം അതീവ ഗൗരവമാണ്. വ്യാജ വോട്ടുകൾ ചെയ്യാതിരിക്കാൻ നടപടി എടുക്കണം. അന്വേഷണം പ്രഹസനമാകരുതെന്നും വ്യാജ വോട്ടിനെതിരെ എൽഡിഎഫ് സമരത്തിലേക്ക് കടക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. 18-ന് എൽഡിഎഫ് ബഹുജന പ്രക്ഷോഭം നടത്തും. വ്യാജ വോട്ടുകൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇ എൻ സുരേഷ് ബാബു കൂട്ടിച്ചേർത്തു.
അതേസമയം, വോട്ടര്‍പട്ടിക ക്രമക്കേടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം വാദങ്ങള്‍ മാറ്റിപ്പറയുകയാണെന്നും സത്യാവസ്ഥ ബോധിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ പറഞ്ഞു. ആരോപണം നേരിടുന്ന തന്റെ വീടിന് മുന്നില്‍ നിന്നും വൈകീട്ട് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.