വ്യാജ വോട്ട് വിവാദം; ക്രമക്കേട് ഉണ്ടെങ്കില്‍ പ്രത്യേക പട്ടിക ഉടനുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍
പാലക്കാട്: പാലക്കാട്ടെ വ്യാജ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് പാലക്കാട് ജില്ലാ കളക്ടര്‍ ഡോ എസ് ചിത്ര. വ്യാജ വോട്ട്, ഇരട്ട വോട്ട് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ പരാതികളും കൃത്യമായി അന്വേഷിച്ചുവരികയാണ്. ക്രമക്കേട് ഉണ്ടെങ്കില്‍ പ്രത്യേക പട്ടിക ഉടനുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ക്രമക്കേട് ഉണ്ടെന്ന് വ്യക്തമായാല്‍ പ്രത്യേക പട്ടിക തയ്യാറാക്കി പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്ന് കളക്ടർ പറഞ്ഞു. ഫീല്‍ഡ് തലത്തിലും ഓഫീസ് തലത്തിലും കൃത്യമായി പരിശോധനകള്‍ നടത്തുന്നുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് നിഷ്പക്ഷമായും സുതാര്യമായും തിരഞ്ഞെടുപ്പ് നടത്തുമെന്നും ജില്ലാ കളക്ടര്‍ പ്രതികരിച്ചു.
അതേസമയം, പാലക്കാട് വ്യാജവോട്ട് പരാതി ഉയര്‍ന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം വിക്ടോറിയ കോളേജില്‍ ചേര്‍ന്നു. മണ്ഡലത്തിലെ മുഴുവന്‍ ബിഎല്‍ഒമാരും സെക്ടര്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. കള്ളവോട്ട് തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ അടക്കം യോഗത്തില്‍ ചര്‍ച്ചയായി. പോളിങ് ബൂത്തില്‍ കൃത്യമായ നിരീക്ഷണം നടത്തണമെന്നും ഇരട്ട വോട്ട് സംബന്ധിച്ച വിവരം ലഭിക്കുകയാണെങ്കില്‍ പ്രിസൈഡിങ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരെ മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും ചേര്‍ത്തിരിക്കുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസമില്ലാതെയാണെന്നും കണ്ടെത്തിയിരുന്നു. മലമ്പുഴ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പാലക്കാടും വോട്ടുണ്ടെന്ന് അന്വേഷത്തില്‍ വ്യക്തമായി. ഇവര്‍ക്ക് വീട്ടുനമ്പറും വീട്ടുപേരുമില്ല. മേല്‍വിലാസം വ്യാജമാണെന്നും ഇലക്ഷന്‍ ഐഡികള്‍ വ്യത്യസ്തമാണെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജില്ലാ കളക്ടര്‍ ബിഎല്‍ഒമാരോട് വിശദീകരണം തേടിയിരുന്നു.