മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ അന്വേഷണ സംഘത്തിനെതിരെ സര്‍ക്കാര്‍
തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിന് മുന്‍കൂര്‍ ജാമ്യത്തില്‍ അന്വേഷണ സംഘത്തിനെതിരെ സര്‍ക്കാര്‍. നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷന്‍സ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാര്‍ വിലക്കി. മുന്‍കൂര്‍ ജാമ്യത്തില്‍ അന്വേഷണ സംഘത്തിന് കടിഞ്ഞാണിട്ടിരിക്കുകയാണ് സര്‍ക്കാര്‍. ഹൈക്കോടതിയെ സമീപിക്കേണ്ടന്നാണ് ആഭ്യന്തര വകുപ്പ് അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മുന്‍കൂര്‍ ജാമ്യത്തിനെതിരെയുള്ള അപ്പീല്‍ ഹര്‍ജി തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിന്റെ അസാധാരണ ഇടപെടലുണ്ടായത്. മുകേഷിന്റെ കാര്യത്താല്‍ അപ്പീല്‍ അനുമതി ഇല്ലെങ്കില്‍ ഇടവേള ബാബുവിന്റെ മുന്‍കൂര്‍ ജാമ്യത്തിലും അപ്പീല്‍ നല്‍കില്ല.
സര്‍ക്കാര്‍ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയശേഷമാണ് എസ് ഐ ടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ് ഐ ടി. ഇത് ചൂണ്ടികാട്ടി അപ്പീല്‍ നല്‍കാനിരിക്കെയാണ് സര്‍ക്കാര്‍ വിലക്കുന്നത്.