സിജെപി പ്രതിഷേധം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവാക്കൾ ജന്തർമന്തറിൽ; ഇടത് വിദ്യാർത്ഥി സംഘടനകളുടെ പിന്തുണ
ദില്ലി: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവതി-യുവാക്കൾ ഡൽഹിയിലെ ജന്തർമന്തറിൽ എത്തി. സാമൂഹിക മാധ്യമങ്ങളിലെ പിന്തുണയുമായി താരതമ്യപ്പെടുത്തുമ്പോൾ പങ്കാളിത്തം കുറവായിരുന്നെങ്കിലും പ്രതിഷേധം ശ്രദ്ധേയമായി.
പാർട്ടിയുടെ ചിഹ്നമായ പാറ്റയുടെ ചിത്രം പതിപ്പിച്ച ടീഷർട്ടുകൾ ധരിച്ചും ദേശീയപതാക കൈയിലേന്തിയും പ്രവർത്തകർ പ്രതിഷേധ വേദിയിലെത്തി. ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന അറിയിപ്പിനെ തുടർന്ന് രാവിലെ മുതൽ തന്നെ പ്രവർത്തകർ ജന്തർമന്തറിൽ ഒത്തുകൂടിയിരുന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് പ്രവർത്തകർ വ്യക്തമാക്കിയത്.
അതേസമയം, സിജെപി ഉയർത്തുന്ന ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കുചേർന്നു. പ്രതിഷേധത്തിന് പൂർണ പിന്തുണയാണെന്ന് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് പ്രതികരിച്ചു.
പ്രതിഷേധത്തിനിടെ “ജയ് ശ്രീറാം” മുദ്രാവാക്യം മുഴക്കി ഒരു സംഘം സിജെപിക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പൊലീസ് ഇടപെട്ട് ഇവരെ ജന്തർമന്തർ പ്രദേശത്ത് നിന്ന് മാറ്റി.
സമൂഹമാധ്യമങ്ങളിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ജനപിന്തുണ നേടിയ സിജെപിക്ക്, അതേ തോതിലുള്ള ജനക്കൂട്ടത്തെ നേരിട്ടുള്ള പ്രതിഷേധത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും നീറ്റ്, സിബിഎസ്ഇ പരീക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് യുവാക്കൾക്കിടയിൽ ഉയരുന്ന പ്രതിഷേധ വികാരത്തിന്റെ പ്രതീകമായി ജന്തർമന്തറിലെ സമരം മാറിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
പ്രതിഷേധക്കാർക്ക് നേരെ അനാവശ്യ പ്രകോപനമോ ബലപ്രയോഗമോ ഉണ്ടായാൽ അത് സമരത്തിന് കൂടുതൽ ശക്തി പകരുമെന്ന വിലയിരുത്തലിനെ തുടർന്ന് പൊലീസ് സംയമനത്തോടെയാണ് സാഹചര്യം കൈകാര്യം ചെയ്തത്. നിലവിൽ ജന്തർമന്തർ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

