Latest News

പൊലീസ് സ്റ്റേഷനിലെ ശാരീരിക പീഡനം കൃത്യനിർവഹണത്തിൻ്റെ ഭാഗമല്ലെന്ന് ഹൈക്കോടതി

 പൊലീസ് സ്റ്റേഷനിലെ ശാരീരിക പീഡനം കൃത്യനിർവഹണത്തിൻ്റെ ഭാഗമല്ലെന്ന് ഹൈക്കോടതി

കൊച്ചി: കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയെ പൊലീസ് സ്റ്റേഷനില്‍ ശാരീരിക പീഡനത്തിനിരയാക്കുന്നത് ഔദ്യോഗിക കര്‍ത്തവ്യ നിര്‍വഹണത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളില്‍ പൊലീസിന് നിയമത്തിന്റെ സംരക്ഷണം ആവശ്യപ്പെടാനാവില്ല. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ എസ്‌ഐ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി നീരീക്ഷണം.

2008 ല്‍ സ്ത്രീയെ ആക്ഷേപിച്ചെന്ന പരാതിയില്‍ അനീഷ് കുമാര്‍ എന്നയാളെ നിലമ്പൂര്‍ എസ്‌ഐ സി. അലവി പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ അസഭ്യം പറയുകയും തല ഭിത്തിയില്‍ ഇടിക്കുകയും വയറിലും നെഞ്ചിലും ചവിട്ടുകയും ചെയ്തുവെന്നാണ് കേസ്. ഇതേ സ്റ്റേഷനിലെ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ അനീഷിന്റെ സഹോദരിയാണ്. ഇവര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മജിസ്‌ട്രേറ്റിന് അനീഷ് നല്‍കിയ പരാതിയില്‍ എസ്‌ഐക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടു.

ഇതിനെതിരെയാണ് എസ്‌ഐ ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റഡിയിലെടുത്തയാളെ മര്‍ദിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 197 പ്രകാരം പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥന്‍ ശാരീരികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ക്ക് നിയമത്തിന്റെ സംരക്ഷണം അവകാശപ്പെടാനാവില്ലെന്ന് ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 294 (ബി), 323, 324 , 341 എന്നീ വകുപ്പ് പ്രകാരമാണ് എസ്‌ഐക്കെതിരെ കേസെടുത്തത്. പൊതു ക്രമസമാധാനപാലനത്തിന്റെ ഭാഗമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി കേരള സര്‍ക്കാര്‍ 1977-ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ആനുകൂല്യം കുറ്റാരോപിതനായ പൊലീസുകാരന് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയാണ് എസ്‌ഐയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes