പ്രതിരോധ രേഖകളും, ആണവ വസ്തുക്കളുമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് പിടിയിൽ
കൊൽക്കത്ത: അതീവ രഹസ്യ സ്വഭാവമുള്ള ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ രേഖകളും റേഡിയോ ആക്ടീവ് വസ്തുക്കളുമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് പിടിയിൽ. പശ്ചിമബംഗാളിലെ ഡാർജലിംഗ് ജില്ലയിലാണ് സംഭവം. ഫ്രാൻസിസ് ഇക്ക എന്നയാളാണ് പിടിയിലായത്. നക്സൽ ബാരി പഞ്ചായത്ത് സമിതിയിലെ തൃണമൂൽ കോൺഗ്രസ് നേതാവായ അമൃത ഇക്കയുടെ ഭർത്താവാണ് ഫ്രാൻസിസ്.
ഇയാളുടെ പക്കൽ നിന്ന് അനേകം ഡിആർഡിഒ രേഖകളും വലിയ അളവിൽ റേഡിയോ ആക്ടീവ് വസ്തുവായ കാലിഫോർണിയവും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത കാലിഫോർണിയം ഒരു ഗ്രാമിന് 17 കോടി രൂപ മൂല്യമുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു. ഡിആർഡിഒ രേഖകളും റേഡിയോ ആക്ടീവ് വസ്തുക്കളും കടത്തിയതിന് ഫ്രാൻസിസിനെതിരെ കേസെടുത്തു. പിന്നാലെ വസ്തുക്കൾ പിടിച്ചെടുത്ത വീട് കണ്ടുകെട്ടി.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളാണ് ടിഎംസി നടത്തുന്നതെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല ആരോപിച്ചു. ഇത്തരത്തിലുള്ള പ്രധാനപ്പെട്ട ദേശീയ സുരക്ഷാ രേഖകളും അത്തരം സാമഗ്രികളും എങ്ങനെയാണ് ഒരു തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ എത്തുന്നത്? അവരുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവല്ലേ ഇത്? സംസ്ഥാന ഭരണകൂടം അറിഞ്ഞില്ല? ഇത് കൂട്ടുകെട്ടാണോ അതോ വ്യക്തമായ അറിവില്ലായ്മയും കഴിവില്ലായ്മയുമാണ്. ഏതുവിധേനയും, വോട്ട് ബാങ്ക് താൽപ്പര്യങ്ങൾക്കായി ദേശീയ താൽപ്പര്യത്തിൽ വിട്ടുവീഴ്ച ചെയ്തതും അവരുടെ സ്വകാര്യ അഴിമതി താൽപ്പര്യങ്ങൾക്കായി ദേശീയ-സംസ്ഥാന താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നതുമായ ഒരു നീണ്ട ചരിത്രമുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.