Latest News

‘കുറി തൊട്ട് തന്നെയാണ് ഞാന്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് നേടിയത്, കപട മതേതരത്വം പാലക്കാട് വിലപ്പോവില്ല’; സി കൃഷ്ണകുമാര്‍

 ‘കുറി തൊട്ട് തന്നെയാണ് ഞാന്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് നേടിയത്, കപട മതേതരത്വം പാലക്കാട് വിലപ്പോവില്ല’; സി കൃഷ്ണകുമാര്‍

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ നേട്ടമുണ്ടായത് എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണെന്ന് സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. എന്‍ഡിഎ പ്രതിനിധി ജയിച്ചാല്‍ കേന്ദ്രസഹായം ലഭിക്കുമെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു. പാലക്കാടിന് നേട്ടമുണ്ടായത് എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

എല്‍ഡിഎഫ് – യുഡിഎഫ് ഭരണങ്ങള്‍ താരതമ്യം ചെയ്യാനുള്ള അവസരമാണിതെന്നും സി കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. എംപിയും എംഎല്‍എയും പരിപൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ അധികാരത്തില്‍ വന്നാല്‍ മൂന്ന് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായിരിക്കും ആദ്യ പരിഗണന നല്‍കുകയെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

‘പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഇതിന് മുമ്പ് മത്സരിച്ചിട്ടില്ല. മുന്‍സിപ്പാലിറ്റിയില്‍ രണ്ട് തവണ മത്സരിച്ചത് ജനറല്‍ വാര്‍ഡിലാണ്. യുവത്വത്തിന് വേണ്ടി മാറി കൊടുത്തതാണ്. മലമ്പുഴയില്‍ പാര്‍ട്ടി പറഞ്ഞത് അനുസരിച്ചാണ് മത്സരിച്ചത്. വോട്ടു വര്‍ധിപ്പിച്ച പാര്‍ട്ടിയുടെ ജനകീയ അടിത്തറ വര്‍ദ്ധിപ്പിച്ചയാളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് തെറ്റാണോ?’, അദ്ദേഹം ചോദിച്ചു. മുന്‍ എംഎല്‍എ ഷാഫി പറമ്പില്‍ നഗരസഭയ്ക്ക് നാല് കോടിയുടെ വരുമാന നഷ്ടമുണ്ടാക്കിയെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു.

പാലക്കാട് ടൗണ്‍ഹാളിന്റെ വീഴ്ച ഷാഫി പറമ്പിലിന്റെ ഭാഗത്താണെന്നും അദ്ദേഹം പറഞ്ഞു. ‘കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അത്യാഹിതമുണ്ടായാല്‍ ആരാണ് ഉത്തരവാദി. കെഎസ്ആര്‍ടിസി കെട്ടിടത്തിന് ഫയര്‍ എന്‍ഒസി ഇതുവരെ കിട്ടിയില്ല. ഡിജിറ്റലൈസേഷന്‍ എവിടെ എത്തി. നഗരസഭ ഒന്നേകാല്‍ കോടി രൂപ നല്‍കി. കടലില്‍ കായം കലക്കിയപോലെ പ്രോജക്ടുകള്‍ എംഎല്‍എ നശിപ്പിച്ചു. ഷാഫി പറമ്പിലുമായി വികസന സംവാദത്തിന് ഞാന്‍ തയ്യാറാണ്. സ്ഥലവും തീയതിയും അറിയിച്ചാല്‍ മതി’, അദ്ദേഹം പറഞ്ഞു.

മന്ത്രി എംബി രാജേഷിനേയും കൃഷ്ണകുമാര്‍ വെല്ലുവിളിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും കൃഷ്ണകുമാര്‍ മറുപടി നല്‍കി. ‘ഇരുവരും ഈ ലോകത്ത് അല്ല ജീവിക്കുന്നത്. കെ മുരളീധരന്‍ എന്ത് പറഞ്ഞാലും വിപരീതമായി സംഭവിക്കും. തൃശൂരില്‍ മൂന്നെന്ന് പറഞ്ഞു, ഞങ്ങള്‍ ഒന്നാമത് എത്തി’, കൃഷ്ണകുമാര്‍ പറഞ്ഞു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഒരു മനുഷ്യ സ്‌നേഹിയാണെന്നും മനസിനെ വേദനിപ്പിക്കുന്ന എന്തെങ്കിലും കാര്യം ഉണ്ടായെങ്കിലെ അങ്ങനെ പെരുമാറാറുള്ളൂവെന്നും മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ വിഷയത്തില്‍ അദ്ദേഹം പറഞ്ഞു. സിപിഐഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ് മോശം ഭാഷ ഉപയോഗിച്ചപ്പോള്‍ ഇത്ര പ്രതിഷേധം കണ്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ബിജെപി നേതാവ് സന്ദീപ് വാര്യര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും പിന്‍മാറിയത് കുടുംബ പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖഫ് വിഷയത്തില്‍ ആളുകളുടെ ആശങ്ക പരിഹരിക്കണമെന്നും എന്തുകൊണ്ടാണ് സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ മിണ്ടാതെ ഇരിക്കുന്നത് എന്തുകൊണ്ടാണ്?. വഖഫ് വിഷയത്തില്‍ ബിജെപിക്ക് കൃത്യമായ നിലപാട് ഉണ്ട്. പാലക്കാട് ഉള്ള വഖഫ് ലാന്‍ഡ് ഏതൊക്കെ എന്ന് വെളിപ്പെടുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പിഡിപി പിന്തുണ വേണ്ടെന്ന് പറയാന്‍ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. ‘പിഡിപി പിന്തുണ വേണ്ടെന്ന് പറയാന്‍ സരിന്‍ തയ്യാറാണോ. എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് പറയാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറാണോ. എനിക്ക് എസ്ഡിഐ പിഡിപി വോട്ട് വേണ്ടെന്ന് പറയാന്‍ ഉള്ള ആര്‍ജ്ജവം ഉണ്ട്. കുറി തൊട്ട് തന്നെയാണ് ഞാന്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് നേടിയത്. കപട മതേതരത്വം പാലക്കാട് വിലപ്പോവില്ല. പാലക്കാട്ടുകാര്‍ക്ക് ഇവരുടെ യഥാര്‍ത്ഥ മുഖം അറിയാം. മറ്റ് സ്ഥാനാര്‍ത്ഥികള്‍ കുറി മായ്ച്ചാണോ വോട്ട് തേടുന്നതെന്ന് വീഡിയോ പരിശോധിക്കൂ’, സി കൃഷ്ണകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes