പാർട്ടിയിൽ ഭാവി വേണമെങ്കിൽ വഴങ്ങണം; സിപിഎം നേതാവിനെതിരായ മൊഴി പുറത്ത്
ആലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴി പുറത്ത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇക്ബാലിനെതിരെയാണ് ആരോപണം.പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസില്‍ വെച്ചാണ് പീഡനം നേരിട്ടതെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്.
പാർട്ടി ഓഫീസില്‍ വെച്ച് ഇക്ബാല്‍ പുറകിലൂടെ കടന്നുപിടിക്കുകയായിരുന്നുവെന്നും സംഘടനയില്‍ ഭാവി ഉണ്ടാകാൻ വഴങ്ങണമെന്ന് പറഞ്ഞതായും പരാതിക്കാരി ആരോപിച്ചു. വിഷയം സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിച്ചില്ല. പാർട്ടിയില്‍ നിന്നും നീതി ലഭിക്കാതായതോടെയാണ് പൊലീസിനെ സമീപിക്കുന്നതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. സംഭവത്തിന് പിന്നാലെ പാർട്ടിക്കുള്ളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. പരാതിക്കാരിയെ താത്ക്കാലിക ജോലിയില്‍ നിന്ന് പിരിച്ചുവിടാനും ശ്രമങ്ങള്‍ നടന്നതായാണ് റിപ്പോർട്ട്.
ഇതിനിടെ കുറ്റാരോപിതനായ ഇക്ബാലിനെ വീണ്ടും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഇതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. ഡിവൈഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് കുറ്റാരോപിതനായ നേതാവ്. നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.