ഇറാൻ- ഇസ്രയേൽ സംഘർഷം; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ടെഹ്റാനിലെ ഇന്ത്യൻ എംബസി

ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ടെഹ്റാനിലെ ഇന്ത്യൻ എംബസി. ചില ഇന്ത്യൻ വിദ്യാർഥികളെ എംബസി തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു. ഇസ്രയേലിന്റെ വിമാനത്താവളങ്ങളും വ്യോമപാതകളും പൂർണമായി അടച്ച നിലയിലാണ്.
അതേസമയം, ടെഹ്റാനിലെ ഒരു സൈനിക കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇറാൻ– ഇസ്രയേൽ സംഘർഷത്തിൽ, ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് വിഭാഗ മേധാവിയായ മുഹമ്മദ് ഖസേമി ഉൾപ്പെടെ രണ്ട് ജനറൽമാർ കൂടി കൊല്ലപ്പെട്ടിരുന്നു.
ഇസ്രയേലിന്റെ തുറമുഖ നഗരമായ ഹൈഫയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. അതിനിടെ ഇറാൻ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന വിമാനത്തിന് നേരെ ഇസ്രയേൽ ആക്രമണം നടത്തി. മഷ്ഹാദ് വിമാനത്താവളത്തിലാണ് ആക്രമണം നടത്തിയത്.