സ്വന്തം ക്രെഡിറ്റിൽ ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമയുണ്ടാകാന്‍ ഒരുപാട് കാലമെടുത്തു; ദുൽഖർ
‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന തമിഴ് ചിത്രത്തിന്റെ വിജയം തനിക്ക് വളരെ വൈകാരിക മുഹൂര്‍ത്തമായിരുന്നെന്നും സ്വന്തം ക്രെഡിറ്റിലുള്ള ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമയുണ്ടാകാന്‍ ഒരുപാട് കാലമെടുത്തെന്നും ദുൽഖർ സൽമാൻ. പലപ്പോഴും വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റിന്റെ പങ്ക് എല്ലാവര്‍ക്കുമായി പോകുന്ന സ്ഥിതിയായിരുന്നു. ആരും അതിന്റെ ക്രെഡിറ്റ് തനിക്ക് മാത്രമായി തന്നിട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ സംഭവിച്ചതെന്നും ദുല്‍ഖര്‍ പറഞ്ഞു.
‘എന്റേതെന്ന് മാത്രം പറയാവുന്ന ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമ ഉണ്ടാകാന്‍ ഒരുപാട് കാലമെടുത്തു. തമിഴ് സിനിമയായ ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ ആണ് അങ്ങനെ ഒരു ഇമോഷണല്‍ മൊമെന്റ് എനിക്ക് തന്നത്. ആ സിനിമയില്‍ ഉണ്ടായിരുന്ന ഞങ്ങള്‍ ആരും തന്നെ വലിയ സ്റ്റാറുകള്‍ ആയിരുന്നില്ല. ഞാന്‍ പോലും ആ സമയത്ത് തമിഴില്‍ പോപ്പുലര്‍ ആയിരുന്നില്ല. 4 യുവാക്കളുടെ ഒരു റോം കോം എന്ന നിലയിലാണ് ആളുകള്‍ ആ സിനിമയെ നോക്കിയത്. പിന്നീട് സിനിമ വലിയ വിജയമായി,’ ദുൽഖർ സൽമാൻ പറഞ്ഞു.
നവാഗതനായ ദേശിങ് പെരിയസാമി സംവിധാനം ചെയ്ത ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ വലിയ വിജയമായിരുന്നു ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. റിതു വർമ്മ, രക്ഷൻ, നിരഞ്ജിനി, ഗൗതം മേനോൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. റൊമാൻ്റിക് ഹീസ്റ്റ് കോമഡി ചിത്രമായി ഒരുങ്ങിയ ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ നിർമിച്ചത് ആൻ്റോ ജോസഫ്, വയാകോം 18 സ്റ്റുഡിയോസ് ചേർന്നാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് സംവിധായകനും ദുൽഖറും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ടായിരുന്നു.