Latest News

കോൺഗ്രസിനും കരുണാകരനുമെതിരെ സിപിഎമ്മിനുവേണ്ടി തീതുപ്പിയ മഅ്ദനി ഇപ്പോഴെങ്ങിനെ തീവ്രവാദിയായെന്ന് കെ.മുരളീധരൻ

 കോൺഗ്രസിനും കരുണാകരനുമെതിരെ സിപിഎമ്മിനുവേണ്ടി തീതുപ്പിയ മഅ്ദനി ഇപ്പോഴെങ്ങിനെ തീവ്രവാദിയായെന്ന് കെ.മുരളീധരൻ

സിപിഎം നേതാവ് പി. ജയരാജന്റെ പുസ്തകത്തില്‍ അബ്ദുൽ നാസർ മഅ്ദനിക്കെതിരെ നടത്തിയ പരാമർശങ്ങളില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. എല്‍ഡിഎഫ് കൊടിക്കൊപ്പം പിഡിപി കൊടി ഉണ്ടായിരുന്ന കാലമുണ്ടെന്നും ഇപ്പോള്‍ മഅ്ദനി എങ്ങനെ തീവ്രവാദിയായെന്നും അദ്ദേഹം ചോദിച്ചു. എല്ലാ തെരഞ്ഞെടുപ്പിലും പിഡിപി എല്‍ഡിഎഫിനാണു പിന്തുണ നല്‍കാറുള്ളതെന്നും മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊട്ടിക്കലാശത്തില്‍ എല്‍ഡിഎഫിന്റെ കൊടികള്‍ക്കൊപ്പം പിഡിപിയുടെ കൊടിയുമുണ്ടായിരുന്നു. ആറു മാസം മുൻപായിരുന്നു ഇത്. ഇപ്പോള്‍ എങ്ങനെ മഅ്ദനി വർഗീയവാദിയായി? ഒറ്റപ്പാലത്ത് കെ. കരുണാകരനും കോണ്‍ഗ്രസിനുമെതിരെ തീതുപ്പുന്ന പ്രസംഗമായിരുന്നു മഅ്ദനി നടത്തിയത്. അത് അന്ന് മത്സരിച്ച സിപിഎം സ്ഥാനാർഥി ശിവരാമനു വേണ്ടിയായിരുന്നു. ഞാൻ അന്ന് ഒറ്റപ്പാലത്തുണ്ട്. അന്ന് കോണ്‍ഗ്രസിനെ ചീത്തവിളിച്ച്‌ മഅ്ദനി നിറഞ്ഞുനില്‍ക്കുകയായിരുന്നു. അതു കഴിഞ്ഞ് ഗുരുവായൂരില്‍ സ്വന്തം സ്ഥാനാർഥിയെ നിർത്തിയപ്പോഴും വിമർശിച്ചത് കോണ്‍ഗ്രസിനെയായിരുന്നു. മഅ്ദനിയെ ജയിലിലിടുന്നത് ശരിയല്ലെന്നു പ്രമേയം പാസാക്കാൻ ഞങ്ങളും സഹായിച്ചുകൊടുത്തിരുന്നു. എന്നാല്‍, ഇപ്പോഴും എല്ലാ തെരഞ്ഞെടുപ്പിലും അവർക്കു തന്നെയാണു പിന്തുണ കൊടുക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

”മഅ്ദനിയാണു കുഴപ്പങ്ങള്‍ക്കു മുഴുവൻ കാരണക്കാരനെന്ന് ഇപ്പോള്‍ പറയുന്നു. മഅ്ദനി ഇങ്ങനെ തീവ്രവാദം പറയുന്നത് ശരിയല്ലെന്ന് അന്ന് ആദ്യം നിലപാടെടുത്തത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. അതിനു തങ്ങളെ വരെ ചീത്തപറഞ്ഞവരാണ് മാർക്‌സിസ്റ്റ് പാർട്ടി. മഅ്ദനിയുടെ നിലപാട് ശരിയല്ലെന്നും തീവ്രവാദം വേണ്ടെന്നും ഇവിടെ സമാധാനത്തോടെ പ്രശ്‌നം പരിഹരിക്കണമെന്നും തങ്ങള്‍ പറഞ്ഞപ്പോള്‍ പള്ളി നഷ്ടപ്പെട്ടിട്ട് എന്തു പ്രശ്‌നം പരിഹരിക്കാൻ എന്നു ചോദിച്ചവരാണ് മാർക്‌സിസ്റ്റ് പാർട്ടിക്കാർ. മഅ്ദനിക്കു തീവ്രവാദം ഉണ്ടെന്ന് ഇപ്പോഴാണോ മനസിലായത്. കഴിഞ്ഞ ലോക്‌സഭയില്‍ കൂടെ കൊടിവച്ച്‌ കൂടെക്കൂട്ടി.

എല്‍ഡിഎഫ് കണ്‍വീനർ ടി.പി രാമകൃഷ്ണൻ 2016ല്‍ എങ്ങനെയാണ് പേരാമ്പ്രയില്‍ ജയിച്ചത്. ‘കേരളം മുഴുവൻ ഇടത്തോട്ട്, പേരാമ്പ്ര വലത്തോട്ട്’ എന്ന് സിപിഎമ്മിലെ ഒരു വിഭാഗം പരസ്യമായി ചുമരെഴുത്ത് നടത്തി. അന്ന് ജമാഅത്തെ ഇസലാമിയാണ് ടി.പി രാമകൃഷ്ണനെ സഹായിച്ചത്. 2019 വരെ ഞാൻ മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും അവർ എനിക്കു വോട്ട് ചെയ്യാത്തവരാണ്. 2019ലാണ് ആദ്യമായി എനിക്ക് വോട്ട് ചെയ്യുന്നത്. അതവർ ദേശീയതലത്തില്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നു.

ശിവൻകുട്ടി നേമത്ത് എങ്ങനെയാണു ജയിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരുംമുൻപ് തന്നെ തങ്ങള്‍ ശിവൻകുട്ടിക്കാണു വോട്ട് ചെയ്തതെന്ന് എസ്ഡിപിഐക്കാർ പറഞ്ഞിരുന്നു. മുരളീധരന് ഹിന്ദുക്കളുടെ വോട്ട് കിട്ടില്ലെന്നും മുസ്‌ലിംകള്‍ അദ്ദേഹത്തിനു വോട്ട് ചെയ്താല്‍ കുമ്മനം രാജശേഖരൻ ജയിക്കുമെന്നുമായിരുന്നു അന്ന് അവർ അവിടെ നടത്തിയ പ്രചാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണിത്.

1987ല്‍ ഇഎംഎസ് നടത്തിയ പ്രസംഗത്തിന്റെ ആവർത്തനമാണിത്. ബാബരി പൊളിച്ചുനീക്കി പ്രശ്‌നം പരിഹരിക്കണമെന്ന് ആദ്യം പറഞ്ഞത് ഇഎംഎസ് ആയിരുന്നല്ലോ. ഇപ്പോള്‍ അവർ ഭൂരിപക്ഷ വർഗീയതയുടെ ഒപ്പം നില്‍ക്കുകയാണ്. കഴിഞ്ഞ ലോക്‌സഭയിലേതിനു നേരെ എതിർ നിലപാടാണ്. അന്ന് മുസ്‌ലിം സമുദായത്തെ ഉയർത്തിക്കാട്ടി, താൻ മാത്രമേ നിങ്ങളെ രക്ഷിക്കാനുള്ളൂ എന്നു പറഞ്ഞയാള്‍ ഇപ്പോള്‍ അവരെല്ലാം കുഴപ്പക്കാരാണെന്നു പറയുകയാണ്. പാലക്കാട് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടായിരിക്കണം പി. ജയരാജൻ ഇത്തരമൊരു പുസ്തക പ്രകാശനം ഈ സമയത്ത് തന്നെ നടത്തിയതെന്നും മുരളീധരൻ പറഞ്ഞു.

പാലക്കാട്ടെ കത്തുവിവാദത്തിലും മുരളീധരൻ പ്രതികരിച്ചു. കത്ത് പുറത്തുപോയത് എങ്ങനെയാണെന്ന് അറിയില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ഉടൻ തന്നെ ഡിസിസി പ്രസിഡന്റ് അയച്ച കത്ത് ഞാൻ ഡിലീറ്റ് ചെയ്തിരുന്നു. ഒരു നിലയ്ക്കും പുറത്തുവരരുതെന്നു കരുതിയായിരുന്നു അത്. കത്ത് പുറത്തായതുമായി ബന്ധപ്പെട്ട് പാർട്ടി എന്തു തീരുമാനമെടുത്താലും ഞാൻ അംഗീകരിക്കും. കെപിസിസിയുടെ അന്വേഷണത്തിന് തന്റെ എല്ലാവിധ പിന്തുണയുമുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കിയിട്ടാണല്ലോ ബിജെപിക്കൊരു എംപിയെ കൊടുത്തത്. അതു പുറത്തുവരാൻ പാടില്ലല്ലോ. എ.സി മൊയ്തീനാണ് പൂരം കലങ്ങിയിട്ടില്ലെന്ന് ആദ്യമായി പറഞ്ഞത്. അതിന്റെ ആവർത്തനമാണ് ഇപ്പോള്‍ പിണറായി പറഞ്ഞത്. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും ഇതുമായി ബന്ധപ്പെട്ടു ശക്തമായ സമരത്തിന് ഇറങ്ങുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes