ദിവ്യ പുറത്തിറങ്ങിയത് സര്‍ക്കാര്‍ നയം മൂലമെന്ന് കെ സുരേന്ദ്രന്‍
തൃശൂര്‍: നവീന്‍ ബാബുവിന്റെ മണത്തില്‍ അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദിവ്യ പുറത്തിറങ്ങിയത് സര്‍ക്കാര്‍ നയം മൂലമെന്ന് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. സിപിഐഎം ദിവ്യയെ സംരക്ഷിക്കുകയാണ്. പൊലീസിന്റെ സഹായവും ദിവ്യക്കുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പാലക്കാട് ഹോട്ടലില്‍ നടന്ന റെയ്ഡിന്റെ വിവരം ചോര്‍ന്നത് പൊലീസില്‍ നിന്നാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സിപിഐഎമ്മിന്റെ ഒരു വിഭാഗമാണ് വിവരം ചോര്‍ത്തിയതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
ഇന്ന് വൈകീട്ടാണ് ജാമ്യം ലഭിച്ച പി പി ദിവ്യ ജയിൽ മോചിതയായത്. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. അഭിഭാഷകനും പാര്‍ട്ടി നേതാക്കളും ദിവ്യയെ ജയിലിന് പുറത്ത് സ്വീകരിച്ചു.
പുറത്തിറങ്ങിയതിന് പിന്നാലെ ആദ്യമായി നവീന്‍ ബാബുവിന്റെ കേസില്‍ പി പി ദിവ്യ പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും വര്‍ഷങ്ങളായി പൊതുജനങ്ങളോടൊപ്പം നില്‍ക്കുന്നയാളാണ് താനെന്നും ദിവ്യ പറഞ്ഞു. ‘സദുദ്ദേശപരമായിട്ട് മാത്രമാണ് സംസാരിച്ചത്. നിയമത്തില്‍ വിശ്വസിക്കുന്നു. എന്റെ ഭാഗം കോടതിയില്‍ പറയും. കോടതിയില്‍ എല്ലാം പറയും. മരണത്തില്‍ കൃത്യമായ അന്വേഷണം നടക്കണം’, പി പി ദിവ്യ പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.