കമൽഹാസൻ രാജ്യസഭയിലേക്ക്; മക്കൾ നീതി മയ്യം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക്. പ്രമേയം മക്കൾ നീതി മയ്യം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമൽ ഹാസൻ രാജ്യസഭയിലേക്കെത്തുക. തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തിരഞ്ഞെടുപ്പ് നടക്കുക. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക.
തമിഴ്‌നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക. സ്വന്തം പാര്‍ട്ടി രൂപീകരിച്ചതിനുശേഷമുളള കമല്‍ഹാസന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ ചുവടുവെയ്പ്പാണ് ഈ രാജ്യസഭാ പ്രവേശനം. കമൽ ഹാസന് പുറമെ ഡിഎംകെ മൂന്ന് സ്ഥാനാർത്ഥികളെകൂടി പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകൻ പി.വിൽസൻ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. ഡിഎംകെയുടെ സേലം ജില്ലാ സെക്രട്ടറി എസ്.ആർ.ശിവലിംഗം, എഴുത്തുകാരി സൽമ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. എന്നാൽ നിലവിലെ രാജ്യസഭാംഗമായ വൈക്കോയ്ക്ക് സീറ്റ് നിഷേധിച്ചു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കോയമ്പത്തൂരില്‍ നിന്ന് മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന കമല്‍ ഹാസന്‍ പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്മാറിയിരുന്നു. എങ്കിലും തമിഴ്നാട്ടിലെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുടനീളം ഇന്ത്യാ മുന്നണിക്ക് വേണ്ടിയും പ്രത്യേകിച്ച് ഡിഎംകെ, കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വേദിയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. മത്സരത്തില്‍ നിന്ന് പിന്മാറുന്നതിനായി 2025 ജൂണില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് കമല്‍ഹാസന്റെ പാര്‍ട്ടിക്ക് നല്‍കാമെന്ന് ധാരണയായിരുന്നു. ഫെബ്രുവരിയില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ഇതുസംബന്ധിച്ച മുന്നണിയുടെ തീരുമാനം കമല്‍ഹാസനെ നേരിട്ടെത്തി അറിയിക്കുകയും ചെയ്തിരുന്നു.
രാജ്യസഭാംഗങ്ങളായ അന്‍പുമണി രാമദാസ്, എന്‍ ചന്ദ്രശേഖരന്‍, എം ഷണ്‍മുഖം, എം മുഹമ്മദ് അബ്ദുളള, വി വില്‍സണ്‍, വൈകോ എന്നിവരുടെ കാലാവധിയാണ് ജൂണില്‍ അവസാനിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഒരു നിർണായക സമയമാണ് ഇപ്പോൾ തമിഴ്നാട്ടിലേത്. ഡിഎംകെ മുന്നണിയില്‍ രണ്ട് സീറ്റ് ഡിഎംകെയ്ക്കും ഓരോ സീറ്റ് വീതം എംഎന്‍എമ്മിനും എംഡിഎംകെയ്ക്കുമാണ് ലഭിക്കുക. 6 രാജ്യസഭാ സീറ്റിലേക്കായുള്ള തിരഞ്ഞെടുപ്പിൽ 4 എണ്ണം ഡിഎംകെ അല്ലെങ്കിൽ ഇന്ത്യാ മുന്നണി വിജയിക്കുമെന്ന സാഹചര്യം നിലനിൽക്കെയാണ് കമൽ ഹാസന് രാജ്യസഭയിലേക്ക് മത്സരിക്കാൻ സീറ്റ് നൽകുമെന്ന് ഉറപ്പ് നൽകിയിരിക്കുന്നത്. നേരെത്തെ ഉദയനിധി സ്റ്റാലിൻ അടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ കണ്ട് ഇക്കാര്യം അറിയിച്ചിരുന്നു.