Latest News

കൊടുവള്ളിയിലെ സി.പി.എം നേതൃത്വത്തിനെതിരെ കാരാട്ട് റസാഖ്, വികസനം അട്ടിമറിക്കാൻ ശ്രമിച്ചു

 കൊടുവള്ളിയിലെ സി.പി.എം നേതൃത്വത്തിനെതിരെ കാരാട്ട് റസാഖ്, വികസനം അട്ടിമറിക്കാൻ ശ്രമിച്ചു

കോഴിക്കോട്: സി.പി.എം. പ്രാദേശിക നേതൃത്വത്തിന് രൂക്ഷവിമർശനവുമായി ഇടതുസഹയാത്രികനും കേരള മദ്രസ അധ്യാപക ക്ഷേമനിധിബോർഡ് ചെയർമാനും കൊടുവള്ളിയിലെ മുൻ സി.പി.എം. സ്വതന്ത്ര എം.എല്‍.എ.യുമായ കാരാട്ട് റസാഖ്. താൻ എം.എല്‍.എ. ആയിരിക്കെ കൊണ്ടുവന്ന സിറാജ് ഫ്ളൈ ഓവർ കം അണ്ടർപാസ് വികസനപദ്ധതി അട്ടിമറിക്കാൻ സി.പി.എം. പ്രാദേശിക നേതൃത്വം മുസ്ലിംലീഗുമായി കൂടിക്കാഴ്ച നടത്തി ഒത്തുകളിച്ചെന്ന് കാരാട്ട് റസാഖ് ആരോപിച്ചു.

കൊടുവള്ളി മണ്ഡലത്തിലെ വികസനമുരടിപ്പിനെതിരെ വികസനസമിതി സംഘടിപ്പിച്ച സായാഹ്നധർണയും ജനകീയസദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് മിനറല്‍ ഡിവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ വായോളി മുഹമ്മദിന്റെ സാന്നിധ്യത്തില്‍ സി.പി.എം. ഏരിയാസെക്രട്ടറി, ലോക്കല്‍ സെക്രട്ടറി, ലീഗിന്റെ കൊടുവള്ളി എം.എല്‍.എ. ഡോ. എം.കെ. മുനീർ, മുൻ എം.എല്‍.എ. വി.എം. ഉമ്മർ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പദ്ധതിക്കെതിരേ നിലപാടെടുക്കുകയായിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുതപദ്ധതി നിർത്തിവെക്കാൻ പൊതുമരാമത്ത് മന്ത്രി കിഫ്ബിക്ക് നിർദേശം നല്‍കിയത്. സൂപ്പർമാർക്കറ്റ് മുതലാളിയുടെ കുടുംബക്കാരനായ ലോക്കല്‍ സെക്രട്ടറിക്കുവേണ്ടിയാണ് സി.പി.എം. ഏരിയാ സെക്രട്ടറി പദ്ധതിക്കെതിരെ കത്തുനല്‍കിയതെന്നും കാരാട്ട് ആരോപിച്ചു. കൊടുവള്ളിയില്‍ വികസനം വേണമെന്നാഗ്രഹിക്കുന്ന ആയിരക്കണക്കിനാളുകളുടെ മുഖത്തടിച്ചുകൊണ്ടാണ് ആ നടപടി സ്വീകരിച്ചത്.കൊടുവള്ളിയില്‍ വികസനം കൊണ്ടുവന്നതിന്റെ പേരില്‍മാത്രമാണ് എം.എല്‍.എ. സ്ഥാനം തനിക്കുനഷ്ടമായത്. ഏത് രാഷ്ട്രീയപ്പാർട്ടിയില്‍ പ്രവർത്തിക്കുമ്പോഴും കാര്യങ്ങള്‍ തുറന്നുപറയുന്നതിന് ആരെയും ഭയമില്ലെന്നും റസാഖ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes