ബംഗളുരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിനി മരിച്ചനിലയിൽ
ബെംഗളൂരുവില്‍ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി കിഴക്കേപ്പാത്തിക്കല്‍ വീട്ടില്‍ അനഘ ഹരിയാണ് മരിച്ചത്. 18 വയസ്സായിരുന്നു.
ബെംഗളൂരു സോളദേവന ഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്സിംഗില്‍ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയായിരുന്നു അനഘ ഹരി. അനഘയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തുകയായിരുന്നു. ഉച്ചയോടെ സുഖമില്ലെന്ന് പറഞ്ഞ് മുറിയിലേക്ക് പോയതാണെന്നും, പിന്നീട് മുട്ടി വിളിച്ചിട്ടും വാതില്‍ തുറന്നില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. പിന്നീട് വാതില്‍ തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
പൊലീസ് മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും, കുട്ടിയുടെ മൊബൈലില്‍ മരണത്തിന് തൊട്ട് മുൻപ് പകർത്തിയ ഒരു വീഡിയോയും കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.