Latest News

കഴിഞ്ഞ 25 വർഷത്തെ എൻഒസികൾ പരിശോധിക്കും; സുരേഷ് ഗോപി

 കഴിഞ്ഞ 25 വർഷത്തെ എൻഒസികൾ പരിശോധിക്കും; സുരേഷ് ഗോപി

പത്തനംതിട്ട: ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പത്തനംതിട്ട മലയാലപ്പുഴ പാടത്തെ വീട്ടിലാണ് അദ്ദേഹമെത്തിയത്. വിവാദ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും കഴിഞ്ഞ 25 വർഷത്തെ എൻഒസികൾ പരിശോധിക്കുമെന്നും സന്ദർശനത്തിന് പിന്നാലെ സുരേഷ് ഗോപി വ്യക്തമാക്കി. കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയത്. തൻ്റെ സന്ദർശനം ആശ്വാസമായെന്ന് കുടുംബം പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രവർത്തകർ സുരേഷ് ഗോപിക്ക് മാസ് പെറ്റീഷൻ നൽകും.

അതേസമയം, ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് എഡിഎം നവീൻ ബാബുവിനെ പല തവണ കണ്ടതെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ ജാമ്യഹർജിയിൽ പരാമർശിച്ച ഗംഗാധരൻ പറഞ്ഞു. ഒരുപാട് വട്ടം നവീനെ കണ്ടിട്ടും പ്രശ്‌ന പരിഹാരമുണ്ടായില്ലെന്നും തുടർന്നാണ് നവീനെതിരെ പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

നവീനെതിരെ വിജിലൻസിലും മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിയുടെ ഓൺലൈൻ പോർട്ടലിലും പരാതി നൽകിയതായി അദ്ദേഹം പറഞ്ഞു. നവീനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് കുറ്റാട്ടൂരിലെ ഗംഗാധരൻ എന്ന റിട്ടയേർഡ് ഹയർ സെക്കണ്ടറി ടീച്ചർ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ടെന്നായിരുന്നു ദിവ്യയുടെ പരാമർശം. ദിവ്യ പറഞ്ഞത് സത്യമാണെന്ന് ഗംഗാധരൻ പറഞ്ഞു. എന്നാൽ നവീൻ കൈക്കൂലി ആവശ്യപ്പെട്ടില്ലെന്നും താൻ പണം നൽകിയിട്ടില്ലെന്നും ഗംഗാധരൻ വ്യക്തമാക്കി. നവീനെതിരെയുള്ള പരാതി നേരത്തെ തന്നെ കണ്ണൂരിലെ എല്ലാ ജനപ്രതിനിധികൾക്കും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാല്‍ കൈക്കൂലി നല്‍കിയിട്ടില്ലെങ്കില്‍ വിജിലന്‍സില്‍ പരാതി നല്‍കിയതെന്തിനാണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. മാത്രവുമല്ല, ചോദ്യങ്ങളോട് ക്ഷുഭിതനായാണ് ഗംഗാധരന്‍ മറുപടി നല്‍കിയത്. നവീന്‍ ബാബു കൃത്യവിലോപം നടത്തിയെന്നും ഗംഗാധരന്‍ ആരോപിച്ചു. ഇവിടെ നടന്ന കൃത്യവിലോപമെന്താണെന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കയര്‍ക്കുകയായിരുന്നു ഗംഗാധരന്‍. ഫെബ്രുവരിയില്‍ നവീന്‍ ബാബു വന്നയുടനേ എങ്ങനെയാണ് ഗൂഡാലോചന നടത്തുകയെന്ന ചോദ്യത്തിനും മറുപടി നല്‍കിയില്ല. ഒടുവില്‍ മറുപടി നല്‍കില്ലെന്ന് പറഞ്ഞ് ക്ഷുഭിതനായി പകുതിയില്‍ വെച്ച് പ്രതികരണം നിര്‍ത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes