ഉത്തർപ്രദേശിൽ ആശുപത്രിയിൽ വൻതീപിടിത്തം, 10 നവജാത ശിശുക്കൾ വെന്തുമരിച്ചു
ലക്‌നൗ: ഉത്തർപ്രദേശ് ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് ആശുപത്രിയിൽ വൻ തീപിടിത്തം. മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ എൻഐസിയുലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്.
ഷോർട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തമുണ്ടായ സമയം തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം നവജാത ശിശുക്കളാണ് ഉണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 10.35 ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടനടി 37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാൽ പത്ത് കുഞ്ഞുങ്ങൾ മരണപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആറ് ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ടെന്നും ഝാൻസി കളക്ടർ അവിനാഷ് കുമാർ പറഞ്ഞു.
മെഡിക്കൽ കോളേജിൽനിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് ജനലുകൾ തകർത്ത് രോഗികളെ രക്ഷിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.