വി ഡി സതീശൻ ഭീരുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാര്‍ഡ് നല്‍കാൻ തീരുമാനിച്ചാൽ അതിന് ഏറ്റവും അര്‍ഹൻ വിഡി സതീശനാണെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു. കേരളത്തിലെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും ഭീരുവാണ് സതീശൻ. മലപ്പുറം ജില്ലയെക്കുറിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ പ്രതിപക്ഷ നേതാവ് ഓടി ഒളിച്ചു. ചർച്ച നടന്നാൽ പ്രതിപക്ഷ നേതാവിനെ സ്‌ട്രെചറിൽ കൊണ്ട് പോകേണ്ടി വരുമായിരുന്നുവെന്നും റിയാസ് പറഞ്ഞു.
ഡയലോഗ് അടിക്കൻ മാത്രമേ വി ഡീ സതീശനെ കൊണ്ട് കഴിയുകയുള്ളൂ. സെമിനാറിൽ പങ്കെടുക്കാൻ വിടാം. എന്നാൽ, അടിയന്തര പ്രമേയത്തിന്‍റെ ചര്‍ച്ചയ്ക്ക് പറ്റില്ല. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും സഭ ഇന്ന് വരെ കാണാത്ത സംഭവങ്ങള്‍ നടന്നുവെന്ന് പറഞ്ഞുവെന്നും റിയാസ് പറഞ്ഞു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിൽ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചശേഷം പിന്നെ പ്രതിപക്ഷ നേതാവ് ഓടിയ വഴിക്ക് പുല്ല് മുളച്ചിട്ടില്ല.
മലപ്പുറത്തെ മോശമാക്കുന്നുവെന്നും ആര്‍എസ്എസുമായി ഇടതുപക്ഷത്തിന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ഇത് ചര്‍ച്ചയ്ക്ക് വെച്ചാൽ പുറത്ത് ആംബുലന്‍സ് വെക്കേണ്ടിവരും. വിഡി സതീശനെ സ്ട്രെച്ചറിൽ കൊണ്ടുപോകേണ്ടി വരും. മലപ്പുറം ജില്ല രൂപീകരിക്കേണ്ടെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ പാര്‍ട്ടിയാണ് പ്രതിപക്ഷ നേതാവിന്‍റേത്.
ജനസംഘവുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ജാഥ നടത്തി. സ്വാതന്ത്ര്യ സമര പോരാട്ടത്തിന് വലിയ പങ്കുവഹിച്ച ജില്ലയാണ് മലപ്പുറം. എന്നാൽ, അതിനെ മാപ്പിള ലഹളയാക്കി ചിത്രീകരിക്കാനായിരുന്നു ശ്രമം. അവിടത്തെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് പെന്‍ഷൻ പ്രഖ്യാപിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍. മലപ്പുറത്തെ സര്‍ക്കാര്‍ കരിവാരി തേയ്ക്കുന്നുവെന്ന ആരോപണമാണ് ഇവര്‍ നിരന്തരം ഉന്നയിക്കുന്നതെന്നും റിയാസ് പറഞ്ഞു.