ചില മൊഴികള്‍ ഉള്‍പ്പെടുത്താത്തതില്‍ ദുരൂഹത; പി പി ദിവ്യയുടെ അഭിഭാഷകന്‍

കണ്ണൂർ: നവീൻ ബാബു മരണത്തെ തുടർന്ന് പി പി ദിവ്യക്കെതിരെയുണ്ടായ ആരോപണത്തിൽ ടി വി പ്രശാന്തന്റെ മൊഴി ഉൾപ്പെടുത്താത്തത് എന്ത് കൊണ്ടാണെന്ന് ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ. ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം ദിവ്യയെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇന്ന് പി പി ദിവ്യയുടെ അഭിഭാഷകൻ നൽകിയ തുടർ ജാമ്യാപേക്ഷ നൽകി. ഇതിന് ശേഷമായിരുന്നു കെ വിശ്വൻ മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന സ്ഥലങ്ങളിലെ സിസി ടിവി ദൃശ്യങ്ങളെടുക്കണമെന്നും കെ വിശ്വൻ പറഞ്ഞു. കേസിലെ ചില പ്രധാന സാക്ഷികളുടെ മൊഴികൾ പൊലീസ് എടുക്കാതിരിക്കുകയോ കോടതിക്ക് മുന്നിൽ ഒളിപ്പിച്ചുവെക്കുകയോ ചെയ്തതിൽ ദുരൂഹതയുണ്ടെന്നാരോപിച്ച കെ വിശ്വൻ കോടതിയിൽ നിന്ന് അടുത്ത തവണ ജാമ്യം ലഭിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. എനിക്ക് തെറ്റ് പറ്റിയിട്ടുണ്ട് എന്ന് നവീൻ ബാബു തന്നോട് പറഞ്ഞുവെന്ന് കളക്ടർ പറഞ്ഞിട്ടും എന്ത് തെറ്റാണ് എന്ന് അന്വേഷണ സംഘം ചോദിച്ചതായി കോടതിക്ക് നൽകിയ മൊഴിയിൽ രേഖപ്പെടുത്താത്തത് എന്ത് കൊണ്ടാണെന്ന് കോടതി പരിശോധിക്കണമെന്നും വിശ്വൻ പറഞ്ഞു.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയത്. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയായിരുന്നു ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പൊലീസ് കേസെടുത്തത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ എത്തിയായിരുന്നു ദിവ്യ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ താമസ സ്ഥലത്തേക്ക് മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു.