ധനുഷിനൊപ്പം വീണ്ടുമൊന്നിച്ച് നിത്യ മേനൻ

രായൻ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം ധനുഷ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇഡലി കടൈ’. തിരുച്ചിത്രമ്പലം എന്ന ചിത്രത്തിന് ശേഷം വീണ്ടും ധനുഷും നിത്യ മേനനും ഒന്നിക്കുന്ന ചിത്രമാണിത്. മറ്റാരും താൻ ചെയ്യുമെന്ന് കരുതാത്ത ഒരു കഥാപാത്രത്തിലേക്കാണ് വീണ്ടും ധനുഷ് തന്നെ എത്തിച്ചിരിക്കുന്നതെന്നാണ് നിത്യ മേനൻ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മനസ് തുറന്നത്.
തിരുച്ചിത്രമ്പലത്തിലെ ശോഭന എന്റെ കംഫോർട്ട് സോണിന് പുറത്തുള്ള കഥാപാത്രമായിരുന്നെങ്കിൽ ‘ഇഡലി കടൈ’യിൽ അതിനും മുകളിൽ കംഫോർട്ട് സോൺ ബ്രേക്ക് ചെയ്യുന്ന കഥാപാത്രമാകുമെന്നും നിത്യ മേനൻ പറഞ്ഞു.’ധനുഷ് സംവിധാനം ചെയ്യുന്ന ‘ഇഡലി കടൈ’ എന്ന ചിത്രത്തിലാണ് ഞാനിപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ ഇപ്പോൾ കുറച്ചു ദിവസം ഞാൻ അഭിനയിച്ചു. മറ്റാരും ഞാൻ ചെയ്യുമെന്ന് കരുതാത്ത ഒരു കഥാപാത്രത്തിലേക്കാണ് വീണ്ടും ധനുഷ് സാർ എന്നെ കൊണ്ടെത്തിച്ചിരിക്കുന്നത്. വളരെ ചലഞ്ചിങ് ആയ കഥാപാത്രമാണ് എപ്പോഴും ധനുഷ് സാർ എനിക്ക് തരുന്നത്’, നിത്യ മേനൻ വ്യക്തമാക്കി.
തിരുച്ചിത്രമ്പലത്തിൽ ശോഭന എന്ന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നിത്യയെ തേടി എത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു നിത്യയുടെ പ്രകടനത്തിന് ലഭിച്ചത്.
ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ‘ഇഡലി കടൈ’ നിർമിക്കുന്നത്. ഡൗൺ പിക്ചേഴ്സിന്റെ ആദ്യ നിർമാണസംരംഭം കൂടിയാണ് ചിത്രം. സംഗീതം ജി വി പ്രകാശ് കുമാറാണ് നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടില്ല.
ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന ചിത്രവുമാണ് ‘ഇഡലി കടൈ’. ‘പാ പാണ്ടി’ , ‘രായൻ’, ‘നിലാവുക്ക് എൻ മേൽ എന്നടി കോപം’ എന്നീ ചിത്രങ്ങളാണ് ധനുഷ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതിൽ ‘നിലാവുക്ക് എൻ മേൽ എന്നടി കോപം’ എന്ന ചിത്രം വെെകാതെ തിയേറ്ററുകളിലെത്തും.