പാലക്കാട് വാഹനാപകടം; കാറില്‍ മദ്യ കുപ്പികള്‍
പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് പൊലീസ്. കാറില്‍ മദ്യകുപ്പികള്‍ ഉണ്ടായിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം ഷഹീര്‍ പറഞ്ഞു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. കാര്‍ അമിത വേഗതിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തെറ്റായ ദിശയില്‍ എത്തിയ കാര്‍ ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം മനസിലാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയതായും പൊലീസ് വ്യക്തമാക്കി.
‘ലോറി പാലക്കാട് ഭാഗത്തേക്ക് ഇടതുവശം ചേര്‍ന്ന് പോവുകയായിരുന്നു. കാറ് റോഡിന് വലതുവശം ചേര്‍ന്ന് വന്നാണ് ഇടിച്ചിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് മനസിലാവുകയുള്ളൂ. റോഡ് വളറെ ഫ്രീ ആയിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മുന്നിലും പിന്നിലും വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. കാറ് വന്നുകയറുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവര്‍ പറയുന്നത്. റോങ്ങായി വന്ന് കയറുകയായിരുന്നുവെന്നും അമിത വേഗതിയിലായിരുന്നുവെന്നും ഓവര്‍ ടേക്കിങ് ആയിരുന്നില്ലെന്നുമാണ് ഡ്രൈവര്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം വ്യക്തമാകും. യാത്രയുടെ കാരണം വ്യക്തമല്ല. കാറിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചു. ബന്ധുക്കളോട് സംസാരിക്കാന്‍ സാധിച്ചിട്ടില്ല. ഇന്നലെ രാത്രിയായതുകൊണ്ട് ബന്ധുക്കള്‍ എത്തിയിട്ടില്ല. കാറില്‍ മദ്യകുപ്പികള്‍ ഉണ്ടായിരുന്നു. അവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല’, പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയിലാണ് അപകടം സംഭവിച്ചത്. കല്ലടിക്കോട് വെച്ച് കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ കാറിലുണ്ടായിരുന്ന കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ കെ വിജേഷ്, വിഷ്ണു, രമേശ്, കാങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സല്‍ തുടങ്ങിയവരാണ് മരിച്ചത്. ഉറ്റ സുഹൃത്തുക്കളായ വിജേഷിനേയും രമേശിനേയും വിഷ്ണുവിനേയും ഇന്നലെ രാത്രി വൈകി വരെ കോങ്ങാട് ടൗണില്‍ ഒരുമിച്ച് കണ്ടിരുന്നതായിട്ടാണ് നാട്ടുകാര്‍ പറഞ്ഞത്. അപകടം സംഭവിച്ച് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ തിരിച്ചറിയാനായത്.
കല്ലിക്കോട് അയ്യന്‍പ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്ന കാറും എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്നവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ വാഹനം തകര്‍ന്നിട്ടുണ്ട്.