പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; കൊല്‍ക്കത്ത പൊലീസിനും സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
കൊല്‍ക്കത്ത: പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ പൊലീസിനും സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പൊലീസിന് കാലതാമസമുണ്ടായതിനെയും കോടതി ചോദ്യം ചെയ്തു. കേസ് കൈകാര്യം ചെയ്യുന്നതില്‍ മമതാസര്‍ക്കാര്‍ പരാജയപ്പെട്ടു. കേസില്‍ മമതക്കും പൊലീസിനും വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ നാളെ വൈകിട്ട് 5 മണിക്ക് മുമ്പായി ജോലിയില്‍ പ്രവേശിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തില്‍ മമത സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്.സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പെലീസിന് കാലതാമസമുണ്ടായതെന്തെന്ന് ചോദിച്ച കോടതി പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിനൊപ്പം നിര്‍ബന്ധമായും ഉണ്ടാകേണ്ട ‘ചെല്ലാന്‍’ ലഭ്യമല്ലാത്തതിനെയും വിമര്‍ശിച്ചു. ചെല്ലാന്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും കാണാതെ പോയതാണെങ്കില്‍ നാളെത്തന്നെ വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു.