എ.ഡി.എമ്മിന് കൈക്കൂലി നൽകിയതായി പമ്പുടമയുടെ വെളിപ്പെടുത്തൽ
കണ്ണൂർ: മരണപ്പെട്ട കണ്ണൂർ എഡിഎം നവീൻ ബാബു ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പെട്രോള്‍ പമ്പുടമയും ശ്രീകണ്ഠാപുരം സ്വദേശിയുമായ പ്രശാന്തൻ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
എൻഒസി നല്‍കാനാണ് പണം ആവശ്യപ്പെട്ടത്. 98,500 രൂപ സംഘടിപ്പിച്ചു നല്‍കിയെന്നു പ്രശാന്ത് പറഞ്ഞു. വീട്ടില്‍ വച്ചുതന്നെയാണ് കൈക്കൂലി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. കൈക്കൂലി വാങ്ങിയതുമായി സംബന്ധിച്ച് പ്രശാന്തൻ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ആറു മാസമായി എൻഒസിക്കായി ഓഫീസില്‍ കയറി ഇറങ്ങുകയായിരുന്നു. ഫയല്‍ പഠിക്കട്ടെ എന്നായിരുന്നു ആ സമയത്തെല്ലാം എഡിഎം പറഞ്ഞിരുന്നത്. മൂന്ന് മാസമായപ്പോള്‍ എന്തെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ എന്ന് ചോദിച്ചു. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചാം തീയതി എഡിഎം തന്റെ നമ്പർ വാങ്ങിച്ചു. തുടർന്ന് ആറാം തീയതി പള്ളിക്കുന്നിലെ വീട്ടിലെത്താൻ ആവശ്യപ്പെട്ടു. വീട്ടിലെത്തിയപ്പോള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. നല്‍കിയില്ലെങ്കില്‍ ജീവിതകാലം ഈ പമ്പ് കിട്ടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം നല്‍കിയതിനുശേഷം എട്ടാം തീയതി എൻഒസി നല്‍കിയതായും പ്രശാന്തൻ പറഞ്ഞു. പണം നല്‍കിയ കാര്യം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്ക് അറിയാം. ദിവ്യയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കാൻ പറഞ്ഞത്. തുടർന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് എഡിഎമ്മിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീൻ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ വെച്ചായിരുന്നു ആരോപണമുന്നയിച്ചത്. ക്ഷണിക്കാത്ത ചടങ്ങില്‍ എത്തിയായിരുന്നു ദിവ്യയുടെ നാടകീയ നീക്കം. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ അഴിമതി നടത്തിയെന്നായിരുന്നു ദിവ്യയുടെ ആരോപണം.